തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ രൂക്ഷമായി തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പെയ്ത കനത്ത മഴയിലും വെള്ളക്കെടുതികളിലുംപെട്ട് സംസ്ഥാനത്തൊട്ടാകെ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. കാണാതായ ഏഴു പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത്. ഇവിടെ നാലുപേര്‍ വീതം ജീവന്‍ വെടിഞ്ഞു.
തിരുവനന്തപുരത്തും കൊല്ലത്തും മൂന്നുപേര്‍ വീതവും ഇടുക്കിയില്‍ രണ്ടുപേരും മരിച്ചു. പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കണ്ട് സംസ്ഥാനത്താകെ തുറന്ന 353 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തിലധികം ആളുകളെ മാറ്റ പാര്‍പ്പിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളെയാണ് മഴക്കെടുതി ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത്.
കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ പെയ്ത കനത്ത മഴയില്‍ പടിഞ്ഞാറന്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം വെള്ളമിറങ്ങിയ പത്തനംതിട്ട റാന്നിയില്‍ പമ്പയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും വെള്ളം കയറുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. മലപ്പുറം, കാസര്‍കോട്, ഇടുക്കി ജില്ലകളിലെ പല ഭാഗങ്ങളിലും പുതിയതായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭാരതപ്പുഴ അടക്കമുള്ള പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുകയാണ്.
മഴക്കെടുതി കടുത്ത സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കണ്ണൂര്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും പുഴകളിലും ജലാശയങ്ങളിലും ഇറങ്ങരുതെന്നും ദുരന്തനിവാരണ അതോറിറ്റി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
