താറാവ് കച്ചവടത്തിൽ നിന്നും സഭാ അധ്യക്ഷനിലേയ്ക്ക് !

MAY 10, 2024, 9:24 AM

ഒരു 90 കാലഘട്ടങ്ങളിൽ ആകാശവാണിയിലെ 'ആത്മീയ യാത്ര' എന്ന പരിപാടിയിലെ സ്ഥിരം ശബ്ദമായിരുന്നു കെ.പി യോഹന്നാന്റേത്. പലരും പുലർച്ചെ ആ ശബ്ദം കേട്ടായിരുന്നു ഒരു ദിനം ആരംഭിച്ചിരുന്നത്. പിന്നീടങ്ങോട്ട് ബിലീവേഴ്‌സ് ചർച്ച് വരെയുള്ള വളർച്ച വളരെ വേഗത്തിലായിരുന്നു. പ്രധാനമന്ത്രി മോദിയെ അദ്ദേഹം നേരിട്ട് കണ്ട് ചർച്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായിരുന്നു.

കേന്ദ്ര അന്വേഷണ ഏജൻസികൾ അദ്ദേഹത്തിനെതിരെ നിരവധി തവണ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ റെയിഡും നടത്തിയിട്ടുണ്ട്. അമേരിക്കയിൽ നിന്നും നാട്ടിലേക്ക് എത്താൻ പോലും യോഹന്നാന് കഴിയില്ലെന്ന തരത്തിലും കാര്യങ്ങൾ എത്തിയിരുന്നു. പ്രശ്‌നങ്ങളെ എല്ലാം തരണം ചെയ്ത് കേരളത്തിൽ കെ.പി. യോഹന്നാൻ വീണ്ടുമെത്തി. നാല് ദിവസം മുമ്പായിരുന്നു അദ്ദേഹം അമേരിക്കയിൽ എത്തിയത്.

ആ വരവ് ദുരൂഹത ബാക്കിയാക്കി ഒരു വാഹനാപകടത്തിലൂടെ അദ്ദേഹത്തിന്റെ ജീവൻ തന്നെ നഷ്ടമാക്കിയിരിക്കുകയാണ്. ഒരു കാർ യോഹന്നാനെ ഇടിച്ചിട്ട് കടന്നു പോയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് പറയുന്നത്. ഒരു നിസാര അപകടം ആയിരുന്നില്ല അത്. തലയും നെഞ്ചും തകർത്ത വലിയ അപകടം തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ആ അപകടം ദുരൂഹമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നതും. ബിലീവേഴ്‌സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ ആയി കെ.പി യോഹന്നാൻ വളർന്നത് വിവാദങ്ങളേയും കേസുകളേയും അതിജീവിച്ച് തന്നെയാണ്.

vachakam
vachakam
vachakam

നാട്ടിലെ വിവാദമെല്ലാം അതിജീവിച്ച ആത്മവിശ്വാസവുമായി അമേരിക്കയിൽ എത്തിയപ്പോഴാണ് ഈ അപകടം നടന്നത്. ചെറുവള്ളി എസ്റ്റേറ്റിനെ ചുളുവിന് ശബരിമല വിമാനത്താവളത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് നടത്തിയ നിയമ പോരാട്ടത്തിൽ താൽകാലിക ആശ്വാസം ബിലീവേഴ്‌സ് ചർച്ചിനെ തേടിയെത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്.

അപകടം വരുത്തിയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടക്കത്തിൽ ഇടിച്ചത് അജ്ഞാത വാഹനമാണെന്നായിരുന്നു റിപ്പോർട്ട്. ഏതായാലും അദ്ദേഹത്തിന്റെ പതിവ് നടത്തത്തിനിടെ ആയിരുന്നു ജീവനെടുത്ത അപകടം നടന്നത്. ആ പതിവ് അദ്ദേഹത്തെ അറിയാവുന്ന എല്ലാവർക്കും തന്നെ അറിയാവുന്നതുമാണ്.

സാധാരണ കർഷക കുടുംബത്തിൽ ജനനം

vachakam
vachakam
vachakam

അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലായിരുന്നു കെ.പി യോഹന്നാന്റെ ജനനം. അപ്പർകുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950 ലാണ് കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെ.പി യോഹന്നാൻ ജനിച്ചത്. മാർത്തോമ വിശ്വാസികളായ ചാക്കോയുടെ കുടുംബത്തിന് അക്കാലത്ത് താറാവ് വളർത്തലായിരുന്നു പ്രധാന വരുമാന മാർഗം. പിതാവിനോടൊപ്പം താറാവ് കൃഷിയിലേർപ്പെട്ടിരുന്ന യോഹന്നാന്റെ ജീവിതം വഴിതിരിച്ചുവിടുന്നത് ഡബ്ല്യു.എ ക്രിസ്വെൽ എന്ന അമേരിക്കക്കാരനാണ്. ക്രിസ്വെലിനൊപ്പം അമേരിക്കയിലെത്തിയ യോഹന്നാൻ അവിടെ വൈദിക പഠനത്തിൽ ഏർപ്പെട്ടു.

അവിടെ നിന്നാണ് യോഹന്നാന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്.
നീണ്ട പ്രവാസത്തിന് ശേഷം കെ.പി യോഹന്നാനും കുടുംബവും 1983 ൽ തിരുവല്ല നഗരത്തിന് സമീപമുള്ള മാഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യ എന്ന പേരിൽ ആത്മീയ സ്ഥാപനം ആരംഭിച്ചു. സഹോദരങ്ങളായ കെ.പി ചാക്കോ, കെ.പി മാത്യൂസ് എന്നിവരോടൊപ്പമായിരുന്നു ട്രസ്റ്റ് ആരംഭിച്ചത്.

കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് അദ്ദേഹം തിരിഞ്ഞിരുന്നു. 16-ാം വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസിൽ ദൈവശാസ്ത്ര പഠനത്തിന് ചേർന്നു. പാസ്റ്ററായി വൈദിക ജീവിതം ആരംഭിച്ചു. ദൈവ ശുശ്രൂഷയിൽ സജീവമായിരുന്ന ജർമൻകാരിയായ ഗിസല്ലയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ആഗോള തലത്തിൽ വളർന്നു. നീണ്ട വിദേശ വാസത്തിന് ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

vachakam
vachakam
vachakam

വിവാദം

ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ വിദേശത്ത് നിന്നെത്തിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തെ തുടർന്ന് ബിലീവേഴ്‌സ് ചർച്ചിന്റെ തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡിൽ കോടികൾ പിടിച്ചെടുത്തു എന്ന വാർത്ത കെ.പി യോഹന്നാൻ എന്ന പേര് ഒരു ഇടവേളയ്ക്ക് ശേഷം വാർത്തകളിൽ നിറയാൻ കാരണമായിരുന്നു. ബിലീവേഴ്‌സ് ചർച്ചിന്റെ പല സ്ഥാപനങ്ങളിലായി നടന്ന റെയ്ഡുകളിൽ നിന്നായി പതിനാലര കോടി രൂപ പിടിച്ചെടുത്തു എന്നായിരുന്നു റിപ്പോർട്ട്. തിരുവല്ലയിൽ നടന്ന റെയ്ഡിൽ അതി നാടകീയമായ രംഗങ്ങളും അരങ്ങേറിയിരുന്നു.

ബിലീവേഴ്‌സ് ചർച്ചിലെ സഭാ വക്താവും മെഡിക്കൽ കോളജ് മാനേജരുമായ ഫാ. സിജോ പണ്ടപ്പിള്ളി റെയ്ഡിനിടെ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത തന്റെ ഐ ഫോൺ തട്ടിപ്പറിച്ചോടുകയും ബാത്ത്‌റൂമിലെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്യാൻ ശ്രമിച്ചതും ഉദ്യോഗസ്ഥർ ഇത് തടഞ്ഞപ്പോൾ അദ്ദേഹം ഫോൺ തറയിലെറിഞ്ഞ് തകർത്തതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആത്മീയരംഗത്ത് പ്രവർത്തനമാരംഭിച്ച് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിട സമുച്ഛയങ്ങളും റിയൽ എസ്റ്റേറ്റ് വ്യാപാരവും അടക്കം കോടികളുടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തു എന്നായിരുന്നു ബിലീവേഴ്‌സ് ചർച്ചിനെതിരെയുള്ള പ്രധാന ആരോപണം.

2003 ലാണ് ബീലീവേഴ്‌സ് ചർച്ച എന്ന സഭയ്ക്ക് അദ്ദേഹം രൂപം നൽകിയത്. സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളജും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. 2017 ൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച എന്ന് പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ.പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിച്ചു. അങ്ങനെ കെ.പി യോഹന്നാൻ അത്തനാസിയസ് യോഹാൻ മെത്രാപ്പീലീത്തയായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam