എറണാകുളം: കെഎസ്ആർടിസി സാധാരണ ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി. പദ്ധതി ഭരണഘടനയുടെ 14-ാം അനുച്ഛേദവും 15(1)-ാം അനുച്ഛേദവും ലംഘിക്കുന്നതാണെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം.
എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ്, അഡ്വ. ഷമീം അഹമ്മദിലൂടെ സമർപ്പിച്ച ഹർജിയിലാണ് പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്യുന്നത്. വരുമാന പരിധിയോ താമസയോഗ്യതയോ മറ്റ് സാമൂഹിക-സാമ്പത്തിക മാനദണ്ഡങ്ങളോ ഇല്ലാതെ, ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം.
“മാസം പത്ത് ലക്ഷം രൂപ വരുമാനമുള്ള ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ, ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഒരു പുരുഷൻ അതേ ബസിൽ ടിക്കറ്റ് എടുക്കേണ്ടി വരുന്നു. ഇത് തുല്യതാ അവകാശത്തെ ബാധിക്കുന്നതാണ്,” എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
സർക്കാർ അധികാരമേറ്റ ആദ്യ ദിവസം തന്നെ മതിയായ നയപഠനമോ സാമ്പത്തിക-സാമൂഹിക ആഘാത വിലയിരുത്തലോ നടത്താതെയാണ് തെരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ ഉത്തരവാക്കി മാറ്റിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഭരണഘടനയിലെ 15(3)-ാം അനുച്ഛേദം സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരാൻ സർക്കാരിന് അധികാരം നൽകുന്നുണ്ടെങ്കിലും, വ്യക്തമായ ക്ഷേമലക്ഷ്യമോ പ്രത്യേക ഉദ്ദേശ്യമോ ഇല്ലാത്ത ഈ പദ്ധതി ആ വ്യവസ്ഥയുടെ പരിരക്ഷയ്ക്ക് അർഹമല്ലെന്നും ഹർജിക്കാരൻ വാദിക്കുന്നു.
വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയെ ചൊല്ലി രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലെത്തിയിരിക്കുന്നത്. ഹർജിയിൽ കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
