തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനക്രമീകരിക്കുമെന്ന് ധനമന്ത്രി. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അവയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പുനക്രമീകരിക്കുന്നത്.
15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അവയുടെ വിലയുടെ എട്ട് ശതമാനം നികുതി, 20 ലക്ഷത്തിന് മുകളില്‍ വിലയുള്ളവയ്ക്ക് 10 ശതമാനം, ബാറ്ററി റെന്‍ഡിങ് സംവിധാനമുള്ള വാഹനങ്ങള്‍ക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി ഈടാക്കും. ഒറ്റത്തവണ നികുതിയടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നികുതിയായി നിലവില്‍ ഈടാക്കിവരുന്നത് 15 ശതമാനം നികുതിയായിരുന്നു. കൂടാതെ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍, മുച്ചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവയുടെ നികുതിയില്‍ 50 ശതമാനം വര്‍ധനവും ഉണ്ടാകും.
സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിട്ടുള്ള കോണ്‍ട്രാക്ട് ഗാരേജ് വാഹനങ്ങളുടെ നികുതി ഘടനയും ഏകീകരിച്ച് ലഘൂകരിക്കും. ഫലത്തില്‍ ഇതിലും നികുതി വര്‍ധന വരും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ട്രാക്ട് ഗാരേജുകളില്‍ ടൂറിസ്റ്റുകളുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി പുഷ്ബാക്ക് സീറ്റുള്ള കോണ്‍ട്രാക്ട് ഗാരേജുകളുടെ ത്രൈമാസ നികുതി കുറയ്ക്കും.
മോട്ടോര്‍ വാഹന വകുപ്പ് ഉപയോഗിച്ചു വരുന്ന വാഹന്‍ സോഫ്‌റ്റ്വെയറില്‍, കോണ്‍ട്രാക്ട് ഗാരേജുകളെ അവയുടെ സീറ്റുകളുടെ തരത്തിനനുസരിച്ച് വേര്‍തിരിക്കാത്തതിനാല്‍ ഇത്തരം വാഹനങ്ങളുടെ നികുതി നിര്‍ണയിക്കുന്നതിലെ സങ്കീര്‍ണത ഒഴിവാക്കാന്‍ സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് നികുതി പുനക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോണ്‍ട്രാക്ട് ഗാരേജ് വാഹനങ്ങളുടെ സീറ്റുകളുടെ എണ്ണം ആറ് മുതല്‍ 12 വരെയാണെങ്കില്‍ നിലവിലുള്ള ത്രൈമാസ നിരക്ക്, ഓര്‍ഡിനറി 250, പുഷ്ബാക്ക് സീറ്റ് 450, സ്ലീപ്പര്‍ സീറ്റ് 900 എന്നിങ്ങനെയാണ്. ഇവ ഏകീകരിച്ച് ത്രൈമാസ നിരക്ക് ഓരോ സീറ്റിനും 350 രൂപയാക്കും. കോണ്‍ട്രാക്ട് ഗാരേജ് വാഹനങ്ങളുടെ സീറ്റുകളുടെ എണ്ണം 13 മുതല്‍ 20 വരെയാണെങ്കില്‍, നിലവിലുള്ള ത്രൈമാസ നിരക്ക് യഥാക്രമം 450, 650, 1350 എന്നിങ്ങനെയാണ്. ഇവ ഏകീകരിച്ച് ത്രൈമാസ നിരക്ക് ഓരോ യാത്രക്കാരനും 600 രൂപയാക്കും.
സീറ്റുകളുടെ എണ്ണം 20 സീറ്റുകള്‍ക്ക് അധികമാണെങ്കില്‍ നിലവിലുള്ള ത്രൈമാസ നിരക്ക് യഥാക്രമം 650, 900, 1800 എന്നിങ്ങനെയാണ്. ഇവ ഏകീകരിച്ച് 900 രൂപയാക്കും. സ്ലീപ്പര്‍ ബര്‍ത്തുകള്‍ ഘടിപ്പിച്ച ഹെവി പാസഞ്ചര്‍ വിഭാഗത്തില്‍പ്പെട്ട കോണ്‍ട്രാക്ട് ഗാരേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി നിലവിലുള്ള 1800 രൂപ എന്നത് 1500 രൂപയാക്കി കുറച്ചു. കോണ്‍ട്രാക്ട് ഗാരേജ് വാഹനങ്ങളുടെ നികുതിയിനത്തില്‍ സര്‍ക്കാരിന് 292 കോടി രൂപയാണ് വാര്‍ഷിക വരുമാനം. നികുതി ഏകീകരണത്തോടെ സര്‍ക്കാരിന് 15 കോടി രൂപ അധിക വരുമാനം ലഭിക്കും.
അന്യസംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് സ്‌പെഷ്യല്‍ പെര്‍മിറ്റെടുത്ത് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന കോണ്‍ട്രാക്ട് ഗാരേജ് വാഹനങ്ങളുടെ നികുതി നിരക്കും ഏകീരിച്ചിട്ടുണ്ട്. ഇവയുടെ ത്രൈമാസ നിരക്ക് ഓര്‍ഡിനറി സീറ്റിന് 2250 രൂപയും പുഷ്ബാക്ക് സീറ്റിന് 3000 രൂപയും ആയിരുന്നത് ഏകീകരിച്ച് ത്രൈമാസ നിരക്ക് 2500 രൂപയാക്കും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കോണ്‍ട്രാക്ട് ഗാരേജ് വാഹനങ്ങളില്‍നിന്ന് നികുതിയിനത്തില്‍ സര്‍ക്കാരിന് 10 കോടി രൂപയാണ് വാര്‍ഷിക വരുമാനം. നികുതി ഏകീരണത്തോടെ ഒരു കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടാവുകയെന്നും ധനമന്ത്രി അറിയിച്ചു. സ്റ്റേജ് ഗാരേജ് വാഹനങ്ങളുടെ ത്രൈമാസ നികുതിയില്‍ 10 ശതമാനം ഇളവ് നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്