ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ

FEBRUARY 7, 2025, 1:56 AM

തിരുവനന്തപുരം: രാജ്യത്തെ തൊഴില്‍ നിയമനങ്ങളില്‍ സിംഹഭാഗവും നടക്കുന്നത് കേരളത്തിലാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ബജറ്റ് അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യസ, തൊഴില്‍ രംഗത്ത് നിരവധി പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപവെച്ച് ഫെലോഷിപ്പ് നല്‍കുന്ന പുതിയ പദ്ധതി ഉള്‍പ്പെടെ സംസ്ഥാന ബജറ്റില്‍ അദ്ദേഹം അവതരിപ്പിച്ചു.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പ്രവേശനം നേടിയ റഗുലര്‍-ഫുള്‍ടൈം ഗവേഷണ വിദ്യാര്‍ഥികളില്‍ മറ്റു ഫെലോഷിപ്പുകളോ ധനസഹായമോ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപവെച്ച് ഫെലോഷിപ്പ് നല്‍കുമെന്ന പുതിയ പ്രഖ്യാപനവും ബജറ്റിലുണ്ടായി. ഇതിനായി സി.എം. റിസര്‍ച്ചേഴ്സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി. 2025-26-ല്‍ ഇതിനായി 20 കോടി രൂപ വകയിരുത്തി.

തൊഴില്‍ നിയമനങ്ങളില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ ഒരുലക്ഷത്തി പതിനായിരത്തോളം നിയമനശുപാര്‍ശകള്‍ നല്‍കിക്കഴിഞ്ഞെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 8293 സ്ഥിരം നിയമനങ്ങളും 34,859 താത്കാലിക നിയമനങ്ങളും ഉള്‍പ്പെടെ 43,152 പേര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തൊഴില്‍ നല്‍കി.

വിവിധ കോഴ്സുകളില്‍ അവസാന വര്‍ഷം പഠിക്കുന്ന അഞ്ച് ലക്ഷം വിദ്യാര്‍ഥികളെ നൈപുണി പരിശീലനം നല്‍കി തൊഴില്‍ പ്രാപ്തരാക്കുക, പഠനം പൂര്‍ത്തീകരിച്ചവരെ ശരിയായി തയ്യാറെടുപ്പിച്ച് തൊഴില്‍മേളയിലൂടെ തൊഴില്‍ നല്‍കുക എന്നീ ലക്ഷ്യത്തോടെയുള്ള ജനകീയ ക്യാമ്പയിനാണ് വിജ്ഞാന കേരളം. 2025-26-ലെ പ്രധാന വികസന പദ്ധതിയായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തിനും അഭിരുചിക്കും അനുയോജ്യമായതും തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ളതുമായ സ്‌കില്‍ കോഴ്സുകള്‍ ലഭ്യമാക്കും. പദ്ധതിയില്‍ മെന്റര്‍മാര്‍ക്കു പുറമേ, 50,000 സന്നദ്ധ പ്രൊഫഷണല്‍ മെന്റര്‍മാരെയും അണിനിരത്തും. പരമാവധി കുട്ടികള്‍ക്ക് കാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കും. പഠനം പൂര്‍ത്തീകരിച്ച തൊഴിലന്വേഷകര്‍ക്കുള്ള ആദ്യത്തെ മെഗാജോബ് എക്സ്പോ 2025 ഫെബ്രുവരിയില്‍ നടക്കും. തുടര്‍ന്ന് ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്സ്പോ വീതവും സംഘടിപ്പിക്കും. മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്സ്പോ വഴിയും ലഭ്യമാവുക. ക്യാമ്പയിന്റെ പ്രചാരണത്തിനും പരിശീലനത്തിനും തൊഴില്‍മേളയുടെ സംഘാടനത്തിനും മറ്റുമായി 20 കോടി രൂപ അധികമായി അനുവദിക്കുമെന്നും ബജറ്റില്‍ ഉറപ്പുനല്‍കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam