കൊച്ചി: വാളയാർ കേസിൽ മരണപ്പെട്ട പെൺകുട്ടികളുടെ അമ്മയ്‌ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി സിബിഐ കുറ്റപത്രം. ഒന്നാം പ്രതിയുമായി പെൺകുട്ടികളുടെ അമ്മ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്.
കുട്ടികളുടെ മുമ്പിൽ വച്ചായിരുന്നു വേഴ്‌ച നടത്തിയതെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. മൂത്ത മകളെ ഒന്നാം പ്രതി പീഡിപ്പിച്ചുവെന്ന് അറിഞ്ഞിട്ടും ഇളയ മകളേയും ഇതേ പ്രതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് അമ്മ കൂട്ടുനിന്നു എന്നും പ്രതി മദ്യവുമായി വീട്ടിൽ വരുന്നത് അമ്മ പ്രോത്സാഹിപ്പിച്ചു എന്നും ഇവരുടെ ഭർത്താവും ഇതിന് കൂട്ടുനിന്നിരുന്നു എന്നുമാണ് കുറ്റപത്രത്തിൽ സിബിഐ പറയുന്നത്. രണ്ടാഴ്‌ച മുമ്പ് ആണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
കുറ്റപത്രത്തിൽ പറയുന്നത് പ്രകാരം, 2016 ഏപ്രിലിൽ മൂത്ത മകളെ ഒന്നാം പ്രതി ചൂഷണം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാഴ്‌ചയ്‌ക്ക് ശേഷം അച്ഛനും ഇതേ കാഴ്‌ച കണ്ടു. എന്നിട്ടും മൂത്ത മകളെ ഇതേ പ്രതി ലൈംഗിക ചൂഷണം ചെയ്ത കാര്യം മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. പ്രതിയുമായി ഇവർ സൗഹൃദം തുടരുകയും ചെയ്തു. മൂത്ത മകൾ മരിച്ചിട്ട് പോലും ഇളയ മകളെ പ്രതിയുടെ വീട്ടിലേക്ക് ദമ്പതികൾ പറഞ്ഞയച്ചു. ചേച്ചിക്ക് സംഭവിച്ചതെല്ലാം ഇളയകുട്ടിക്കും അറിയാമായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കുന്നത്.
2017 ജനുവരി 13ന് ആണ് വാളയാറിൽ മൂത്ത പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മാർച്ച് നാലിന് ഇളയ പെൺകുട്ടിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പതിമൂന്നും ഒമ്പതും വയസായിരുന്നു കുട്ടികൾക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്