തിരുവനന്തപുരം: കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജിവിവാദത്തിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ബിജെപിയുടെ അഭിമാനമുള്ള അംഗമായി ജീവിതാവസാനം വരെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധനയിൽ മാറ്റമില്ലെന്നും വ്യക്തമാക്കിയ ശ്രീലേഖ, താൻ നേരിടുന്ന സമ്മർദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു.x
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഏറെ സന്തോഷിച്ച താൻ മേയർ സ്ഥാനത്തെത്താത്തതിലുള്ള നിരാശയാണ് രാജിക്ക് പിന്നിലെന്ന പ്രചാരണത്തിൽ കാര്യമില്ലെന്ന് ശ്രീലേഖ പറഞ്ഞു. ബിജെപിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി തുടരുമെന്ന ഉറപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.
“ഡിജിപിയുടെ ജോലി ചെയ്യുന്ന ഒരാളോട് കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടുണ്ടാകും. ആർമി ജനറലിനോട് അതിർത്തിയിൽ പോയി കാവൽ നിൽക്കാൻ പറഞ്ഞാലും പ്രയാസമുണ്ടാകും. അത്തരം ബുദ്ധിമുട്ടുകൾ സഹിച്ചാണ് മത്സരിച്ചതും ജോലി ചെയ്യുന്നതും,” ശ്രീലേഖ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥയായിരുന്ന കാലത്ത് നേരിട്ട സമ്മർദങ്ങളെക്കുറിച്ച് മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അന്ന് രാജിവെക്കാതെ മുന്നോട്ടുപോകാൻ സാധിച്ചത് പൊലീസിനുള്ളിലെ പിന്തുണാ സംവിധാനം കൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു. താൻ പറയുന്ന കാര്യങ്ങൾ കേൾക്കാൻ അന്ന് ആളുകളുണ്ടായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
ജോലി, അഡ്മിഷൻ തുടങ്ങിയ ആവശ്യങ്ങൾ മുതൽ അതിർത്തിത്തർക്കങ്ങൾ വരെയുള്ള വിഷയങ്ങളുമായി ആളുകൾ രാത്രിവരെ വീട്ടിലും ഓഫീസിലും എത്തുന്നുണ്ടെന്ന് ശ്രീലേഖ വിശദീകരിച്ചു. ഉപദേശം നൽകുകയോ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയോ ചെയ്താലും പലരും തൃപ്തരാകുന്നില്ലെന്നും അവർ പറഞ്ഞു.1
“ഒരു പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞാൽ പോലും കാര്യങ്ങൾ നടക്കണമെന്നില്ല. ബിജെപി കൗൺസിലർ എന്ന നിലയിൽ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ ആരും എന്നെ കേൾക്കില്ല. വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു പരിധി കഴിഞ്ഞപ്പോൾ ഇതെല്ലാം തനിക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് തോന്നി,” ശ്രീലേഖ പറഞ്ഞു.
ടെലിഫോൺ കണക്ഷൻ, വൈദ്യുതി, മാലിന്യനീക്കം, ഓടകളുടെ ശുചീകരണം തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും അവർ ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 30-നാണ് രാജി കൈമാറിയതെന്നും കഴിഞ്ഞ ഒമ്പത് മാസമായി തുടർച്ചയായ തിരക്കിനെത്തുടർന്ന് ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ നേരിട്ടെന്നും ശ്രീലേഖ വ്യക്തമാക്കി.
പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൗൺസിലർ സ്ഥാനത്ത് തുടരാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ബിജെപിയിൽനിന്ന് രാജിവെച്ചിട്ടില്ലെന്നും പാർട്ടിയുടെ അഭിമാനമുള്ള അംഗമായും മോദി ഭക്തയായും തുടരുമെന്നും ശ്രീലേഖ ആവർത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
