ഹൃദയപൂർവം: ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആർ) പരിശീലന ബോധവത്ക്കരണ ക്യാമ്പയിൻ

SEPTEMBER 29, 2025, 2:39 AM

 തിരുവനന്തപുരം: ആരോഗ്യ രംഗത്ത് വലിയ രീതിയിലുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും അത്തരം മാതൃകയിലൂടെ കൂട്ടിച്ചേർക്കപ്പെടുന്ന ഒന്നാകും ഹൃദയപൂർവം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ യുവജനങ്ങളേയും മുൻനിര തൊഴിൽ വിഭാഗങ്ങളേയും പ്രഥമ ശുശ്രൂഷ നൽകാൻ പ്രാപ്തമാരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 200 സ്ഥലങ്ങളിലാണ് ഇന്ന് സംസ്ഥാനത്ത് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. തുടർന്ന് സ്‌കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആർ: കാർഡിയോ പൾമണറി റെസെസിറ്റേഷൻ) പരിശീലന ബോധവത്ക്കരണ ക്യാമ്പയിൻ 'ഹൃദയപൂർവം' സംസ്ഥാനതല ഉദ്ഘാടനം നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹൃദയ സ്തംഭനം കൊണ്ടുള്ള പെട്ടന്നുണ്ടാകുന്ന മരണങ്ങൾ കുറയ്ക്കാനായി പൊതുജനങ്ങൾക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകുന്നതാണ് ഹൃദയപൂർവം പദ്ധതി. ഹൃദയസ്തംഭനം ഉണ്ടായ ഒരാൾക്ക് പ്രഥമ ശുശ്രൂഷ, പെട്ടെന്ന് തന്നെ നൽകുന്ന ഒരു മാർഗമാണ് സിപിആർ. ഈ പരിശീലനത്തിലൂടെ പൊതുസമൂഹത്തെ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നമ്മുടെ നാട്ടിലെ ഹൃദ്രോഗ നിരക്കിൽ വലിയ വർധനവ് ഉണ്ടാകുന്നു എന്നത് ആശങ്കകൾ ഉളവാക്കുന്ന കാര്യമാണ്. ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനും രോഗനിവാരണത്തിനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ രോഗ ശുശ്രൂഷയെ കുറിച്ച് പൊതുസമൂഹത്തെ ബോധവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്.

കുഴഞ്ഞ് വീണ് ഉണ്ടാകുന്ന മരണങ്ങളിൽ, ചിലർക്കെങ്കിലും കൃത്യസമയത്ത് പ്രഥമ ശുശ്രൂഷ കിട്ടിയിരുന്നെങ്കിൽ അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ സാധിക്കുമായിരുന്നു. മതിയായ പരിശീലനം ലഭിച്ച ആരും സമീപത്ത് ഇല്ലാതിരുന്നത് കൊണ്ടാണ് അത് സംഭവിച്ചത്. അത്തരം ഒരു ദുരവസ്ഥ ഇനിയുണ്ടാകാൻ പാടില്ല. അത് കൂടി ലക്ഷ്യം വച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സിപിആർ ജനകീയ ക്യാമ്പയിൻ കേരളത്തിലെമ്പാടും സംഘടിപ്പിക്കുന്നത് അഭിനന്ദനീയമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. ഇത്തരമൊരു പരിശീലനത്തിന് മുന്നോട്ടുവന്ന എല്ലാവരേയും സ്പീക്കർ അഭിനന്ദിച്ചു.

ലോക ഹൃദയ ദിനത്തിൽ അനിവാര്യമായ ഒരു പ്രവർത്തനത്തിനാണ് തുടക്കമിടുന്നതെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നമ്മുടെ കൺമുമ്പിൽ പ്രിയപ്പെട്ടവർ വീണ് മരിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അതൊരു തീരാവേദനയാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഹൃദയമിടിപ്പ് വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള ഒരു ഇടപെടൽ സാധാരണക്കാരായ ജനങ്ങൾക്ക് സാധ്യമാണ്. ലോക ഹൃദയ ദിനത്തിൽ ഇതിന്റെ അനിവാര്യത കണ്ടുകൊണ്ടാണ് സംസ്ഥാന സർക്കാർ ഈയൊരു ജനകീയ ഇടപെടൽ നടത്തുന്നത്. ഹൃദയസ്തംഭനവുമായി ആശുപത്രികളിൽ എത്തുന്നവരിലെ മരണനിരക്ക് മുമ്പ് 30 ശതമാനമായിരുന്നെങ്കിൽ ഇപ്പോളത് 6 ശതമാനത്തിൽ താഴെയാണ്. ആശുപത്രികളിലെത്തുന്നതിന് മുമ്പ് നടക്കുന്ന ഹൃദയസ്തംഭനങ്ങളിൽ ഇത്തരത്തിലുള്ള ജനകീയ ഇന്റർവെൻഷനിലൂടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ സാധിക്കും. പദ്ധതിയുമായി സഹകരിച്ച ഐഎംഎയ്ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, നിയമസഭാ സെക്രട്ടറി കൃഷ്ണകുമാർ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ഐഎംഎ പ്രസിഡന്റ് ശ്രീവത്സൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എംഎൽഎമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, നിയമസഭാ ജീവനക്കാർ, ഡോക്ടർമാർ, ഐഎംഎ പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.

vachakam
vachakam
vachakam

ഉദ്ഘാടനത്തിന് ശേഷം നിയമസഭാ സാമാജികർക്കും ജീവനക്കാർക്കുമുള്ള പരിശീലനം നടത്തി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 200ലധികം കേന്ദ്രങ്ങളിൽ പരിശീലനം നടന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam