തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയസാധ്യത ശാശ്വതമായി കുറയ്ക്കുന്നതിന് രാജ്യത്തിന് മാതൃകയാകുന്ന സമഗ്ര ദുരന്തനിവാരണ പദ്ധതിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡാമുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ എ.ഐ അധിഷ്ഠിത ഡാം മാനേജ്മെന്റ് സംവിധാനം കൊണ്ടുവരും. ഡാമിലേക്കുള്ള ജലപ്രവാഹം, ജലവിതരണം, വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ്, മഴസാധ്യത, നദീതീരങ്ങളിലെ ജലനിരപ്പ് എന്നിവ ഏകോപിപ്പിച്ചായിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഇതിനായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയഭീഷണിയുള്ള എല്ലാ പ്രദേശങ്ങളിലും ഫ്ളഡ് മാപ്പിങ് നടത്തി അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിയുന്നതിനും ദുരന്തപ്രതിരോധത്തിനും വേഗതയേറിയ സംവിധാനം ഒരുക്കും. മഴക്കാലം അവസാനിക്കുന്നതോടെ ഡാമുകളില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒപ്പം നദികളിലെ മാലിന്യവും മണ്ണും ചെളിയും നീക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ റവന്യൂ, ജലസേചന വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ നദികളിലെ വെള്ളപ്പൊക്ക സാധ്യത 60 ശതമാനം വരെ കുറയ്ക്കാന്‍ കഴിയും.
പ്രളയത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തുന്നതിനായി എല്ലാ നദികളിലും സമഗ്ര ലാന്‍ഡ് ഓഡിറ്റിങ് നടത്താന്‍ തീരുമാനം എടുത്തിട്ടുണ്ട്. അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്തുക, സ്വാഭാവിക ജലഒഴുക്ക് തടസ്സപ്പെടുത്തി മണ്ണിട്ട് നികത്തിയ സ്ഥലങ്ങള്‍ തിരിച്ചറിയുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. നദികളും കൈവഴികളും പഴയ നിലയിലാക്കാതെ സംസ്ഥാനത്തെ പ്രളയഭീഷണി പൂര്‍ണ്ണമായി ഒഴിവാക്കാനാകില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഈ നടപടികളിലേക്ക് കടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
