ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്നും, അധ്യാപകർക്ക് മാന്യമായ രീതിയിൽ ചുരിദാർ ധരിച്ച് സ്‌കൂളിൽ എത്താമെന്നും വ്യക്തമാക്കി കേരള ഹൈക്കോടതിയുടെ ചരിത്രപരമായ വിധി. കൊല്ലം നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്‌കൂൾ മാനേജരുടെ ചുരിദാർ വിലക്കിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണനാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ഏതു വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമായ തീരുമാനമാണെന്നും, ഇക്കാര്യത്തിൽ നിർദ്ദേശം നൽകാൻ മറ്റൊരാൾക്കോ സമൂഹത്തിനോ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടന സ്ത്രീയുടെ അന്തസ്സ് നിശ്ചയിച്ചിരിക്കുന്നത് മറ്റൊരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനെ ആശ്രയിച്ചല്ല. മാന്യമായ രീതിയിൽ ചുരിദാർ ധരിക്കുന്നത് ഒരാളുടെ പദവിയെയോ കാര്യക്ഷമതയെയോ കുറച്ചുകാണിക്കുന്നില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ പ്രകാരം അധ്യാപകർക്ക് ചുരിദാർ ധരിക്കാൻ പൂർണ്ണ അനുമതിയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹർജിക്കാരിയെ ഇനിയും സ്കൂളിൽ പ്രവേശിക്കുന്നതിൽ നിന്നും മാനേജർ തടസ്സപ്പെടുത്തിയാൽ ആവശ്യമായ സംരക്ഷണം നൽകാൻ കൊട്ടാരക്കര പോലീസിന് കോടതി നിർദ്ദേശം നൽകി. കൂടാതെ, സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികാരിക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
