108 ആംബുലന്‍സ് പദ്ധതി:    ടെക്‌നിക്കല്‍ ബിഡില്‍ പരാജയപ്പെടണ്ട കമ്പനിയെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് രമേശ് ചെന്നിത്തല

AUGUST 29, 2025, 12:42 AM

തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സ് സര്‍വീസ് നടത്തി വന്ന ജിവികെ ഇഎംആര്‍ഐയ്ക്കു സര്‍ക്കാര്‍ വക ഉപകാരസ്മരണ. രണ്ടു സംസ്ഥാനങ്ങളില്‍ ശിക്ഷാനടപടി നേരിട്ട വിവരം മറച്ചു വെച്ചതിന് സാങ്കേതിക ടെന്‍ഡര്‍ പരിശോധനാ വേളയില്‍ പുറത്താകേണ്ട കമ്പനിയെ രേഖകള്‍ പരിശോധിക്കാതെ പരിഗണിച്ചത് 2019 ല്‍ ലഭിച്ച 250 കോടിയുടെ കമ്മിഷന്‍ സ്മരണയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

കര്‍ണാടകയില്‍ ആംബുലന്‍സ് സര്‍വീസ് നടത്തിപ്പിന്റെ ടെന്‍ഡറിന് വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന്റെ പേരില്‍ ഈ കമ്പനിയെ രണ്ടു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്ത രേഖകളും മേഘാലയയില്‍ ഇവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത രേഖകളും ചെന്നിത്തല പുറത്തു വിട്ടു. ( കർണാടക ഉത്തരവ് Document 1 & മേഘാലയ ഉത്തരവ് - 2)

ടെന്‍ഡര്‍ ചട്ടങ്ങള്‍ പ്രകാരം, ഏതെങ്കിലും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്ക് കരാറില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. (ഇത് സംബന്ധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് Document 3) ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് എന്ന സ്ഥാപനം വിലക്ക് നേരിടുന്നതാണെന്നും ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് അയോഗ്യരാണെന്നും സുപ്രധാന വിവരങ്ങള്‍ മറച്ചുവെച്ച് അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമുള്ള പരാതി മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നേരിട്ടു ലഭിച്ചിരുന്നതാണ്. (പരാതി Document 4). വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന് കര്‍ണാടക സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്ക് വിലക്കിയ നടപടി മറച്ചുവെച്ചാണ് കമ്പനി ടെന്‍ഡറില്‍ പങ്കെടുത്തതെന്ന് പരാതിയില്‍ പറയുന്നു. 2023 നവംബര്‍ 21 മുതല്‍ 2025 നവംബര്‍ 21 വരെയാണ് ഈ വിലക്ക് നിലവിലുള്ളത്.

vachakam
vachakam
vachakam

ഇതിനുപുറമെ, പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മേഘാലയ സര്‍ക്കാര്‍ 2022 ഓഗസ്റ്റില്‍ കമ്പനിയുടെ 108 ആംബുലന്‍സ് പദ്ധതിയുടെ പ്രവര്‍ത്തനം ടെര്‍മിനേറ്റ് ചെയ്തിട്ടുണ്ട്. 2010-ല്‍ രാജസ്ഥാനില്‍ സമാനമായ കരാര്‍ റദ്ദാക്കിയ കാര്യവും ഇഎംആര്‍ഐ നല്‍കിയ രേഖകളില്‍ മറച്ചുവെച്ചിരിക്കുയാണ്.

ടെന്‍ഡറിനൊപ്പം കമ്പനി സമര്‍പ്പിച്ച രേഖകളില്‍, കര്‍ണാടകയിലെ പദ്ധതി ഇപ്പോഴും സജീവമാണെന്ന് തെറ്റായി രേഖപ്പെടുത്തുകയും, തങ്ങള്‍ക്കെതിരെ നിയമനടപടികളോ വിലക്കുകളോ ഇല്ലെന്ന് സത്യവാങ്മൂലം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് ടെന്‍ഡര്‍ നടപടികളിലെ വഞ്ചനാപരമായ പ്രവൃത്തിയാണെന്നും ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ പരാതിക്കാര്‍ ധരിപ്പിച്ചിട്ടും ഒരു നടപടിയും സര്‍ക്കാരോ, മെഡിക്കല്‍ സർവീസസ് കോര്‍പ്പറേഷനോ സ്വീകരിച്ചിട്ടില്ല. അഞ്ചു വര്‍ഷം മുമ്പ് 250 കോടി രൂപ അധികം വാങ്ങി കമ്മിഷന്‍ നല്‍കിയതിന്റെ ഉപകാരസ്മരണയുടെ ഭാഗമായാണ് കമ്പനിയെ സാങ്കേതിക ടെന്‍ഡര്‍ വിഭാഗത്തില്‍ അയോഗ്യരാക്കാതിരുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

ആദ്യത്തെ അഞ്ചുവർഷത്തിന്റെ കാലാവധി 2024 മാർച്ചിൽ അവസാനിച്ചെങ്കിലും പുതിയ ടെണ്ടർ വിളിക്കാതെ ആ ഭീമമായ തുകയ്ക്ക് തന്നെ ഒന്നേകാൽ വർഷം കൂടി സർക്കാർ അനധികൃതമായി കരാർ നീട്ടി കൊടുത്തു. ഇതിലും കോടികളുടെ കമ്മീഷൻ കൈമറിഞ്ഞിട്ടുണ്ട്. 

vachakam
vachakam
vachakam

തൊഴിലാളി സംഘടനകളിൽ നിന്ന് വൻ സമ്മർദ്ദം വന്നതിനെ തുടർന്നാണ് വീണ്ടും ടെൻഡർ വിളിക്കാൻ സർക്കാർ തീരുമാനിച്ചത്.

നാലു കമ്പനികളാണ് ഇത്തവണ ടെന്‍ഡറില്‍ പങ്കെടുത്തതെന്നും ഇതില്‍ ഒരു കമ്പനിയെ അയോഗ്യരാക്കി എന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ സമ്മതിക്കുന്നു. ഗ്രാന്‍ഡ് തോണ്‍ടണ്‍ എന്ന സ്വകാര്യ കണ്‍സല്‍റ്റന്‍സിയാണ് ടെന്‍ഡര്‍ രേഖകള്‍ പരിശോധിച്ചത്. ഇവര്‍ ഈ രേഖകള്‍ കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസിന്റെ ( നേരത്തേയുള്ള പേര് GMRI EMRI) ടെന്‍ഡര്‍ ആദ്യമേ തള്ളുമായിരുന്നു.

ടെന്‍ഡറിലെ എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് 2025 ഫെബ്രുവരി 24-ന് നല്‍കിയ സത്യവാങ്മൂലത്തില്‍ (അനെക്‌സ്ചര്‍ 16) കമ്പനി അവകാശപ്പെടുന്നു. എന്നാല്‍, വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന് കര്‍ണാടക സര്‍ക്കാര്‍ 2023 നവംബര്‍ 21 മുതല്‍ 2025 നവംബര്‍ 21 വരെ വിലക്കിയത് പറഞ്ഞിട്ടില്ല. ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ വിലക്കിയവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരിക്കെയാണ് ഈ നടപടി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുണ്ടായ വിലക്കുകളോ നിയമലംഘനങ്ങളോ വെളിപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന കേന്ദ്ര പൊതു സാമ്പത്തികച്ചട്ടവും (ജിഎഫ്ആര്‍) കമ്പനി ലംഘിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

2022 ഓഗസ്റ്റ് 1-ന് മേഘാലയയില്‍ കമ്പനിയുടെ പ്രവര്‍ത്തനം ടെര്‍മിനേറ്റ് ചെയ്തിട്ടുണ്ട്. സമരം മൂലം സ്ഥിരമായി സേവനം മുടക്കുന്നതു കൊണ്ടാണ് മേഘാലയ സര്‍ക്കാര് നടപടിയെടുത്തത്. കമ്പനിക്കെതിരെയോ പ്രമോട്ടര്‍മാര്‍ക്കെതിരെയോ ക്രിമിനല്‍ കേസുകളില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കമ്പനിക്ക് ഇത്തരം നിയമലംഘനങ്ങളുടെ ചരിത്രമുണ്ടെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നല്‍കിയ പരാതിയിലുണ്ട്. വിഷയത്തില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ വിശദമായ അന്വേഷണം നടത്താത്തതും കമ്പനിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നതും ദുരൂഹമാണ് - ചെന്നിത്തല പറഞ്ഞു.

ഈ കമ്പനിക്ക് 316 ആംബുലൻസുകൾ ഓപ്പറേറ്റ് ചെയ്യാൻ സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തി 517 കോടി രൂപയുടെ ഭീമമായ കരാർ നൽകാൻ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പ്രത്യേക ക്യാബിനറ്റ് അനുമതി നൽകിയിരുന്നു. 

ഇതിൽ മുഖ്യമന്ത്രിയുടെയും മുൻ ആരോഗ്യ മന്ത്രിയുടെയും നേതൃത്വത്തിൽ 250 കോടിയോളം കമ്മീഷൻ കൈപ്പറ്റി എന്നും അന്ന് നടത്തിയതിനെക്കാൾ കൂടുതൽ ആംബുലൻസുകൾ ഓപ്പറേറ്റ് ചെയ്യാൻ ഈ വർഷം ടെണ്ടറിൽ മത്സരം വന്നതിന്  പിന്നാലെ 335 ആംബുലൻസുകൾ പ്രവർത്തിപ്പിക്കാൻ 293 കോടി രൂപ മാത്രമാണ് കമ്പനി ക്വോട്ട് ചെയ്തത് എന്നും ഉള്ള വിവരങ്ങൾ രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam