തിരുവനന്തപുരം: വയനാട് ദുരന്തമുണ്ടായി ഒരു വർഷത്തിന് ശേഷം ഒടുവിൽ കേന്ദ്രസഹായം. 260.56 കോടി രൂപ കേന്ദ്രം അനുവദിച്ചു.
ഒമ്പത് സംസ്ഥാനങ്ങള്‍ക്കായി 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹൈ ലെവല്‍ കമ്മിറ്റിയാണ് പണം അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതേസമയം, ബിജെപി ഭരണത്തിലുള്ള അസമിന് 1270 കോടി അനുവദിച്ചിട്ടുണ്ട്.
അസം, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സഹായം. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് അര്‍ബന്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതി പ്രകാരം 2444.42 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
സഹായമനുവദിച്ച സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് തുക കേരളത്തിനാണ്. മുണ്ടക്കൈ ദുരന്തത്തിനു പിന്നാലെ വിശദമായ റിപ്പോർട്ട് കേരളം കേന്ദ്രത്തിന് കൈമാറിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം കേന്ദ്രവുമായി ഇതുസംബന്ധിച്ച ചർച്ചകളും നടത്തിയതാണ്. സാമ്പത്തിക സഹായം എന്ന നിലയിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ആദ്യ സഹായമാണ് ഈ തുക. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും തുച്ഛമായ തുകയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
കേരളം ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ഇപ്പോൾ അനുവദിച്ച തുക. ദുരന്തമുണ്ടായി 14 മാസത്തിന് ശേഷമാണ് പ്രത്യേക ധനസഹായമായി തുക അനുവദിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വായ്പയായി 529.50 കോടി രൂപ അനുവദിച്ചിരുന്നു. ജൂലൈയിൽ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് 153 കോടിയും അനുവദിച്ചു. അതേസമയം, ഉത്തരാഖണ്ഡിന് 1658.17 കോടിയും, ഹിമാചൽ പ്രദേശിന് 2006.40 കോടിയും നേരത്തെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്ത്വത്തിൽ യുഡിഎഫ് എംപിമാർ അമിത് ഷായെ നേരിൽ കണ്ടും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, കാര്യമായ നടപടികളുണ്ടായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്