തൃശ്ശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നേരിട്ട മർദനം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത്.
2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. മർദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് മുക്കിയിരുന്നു.
പിന്നീട് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്കെതിരെ കേസെടുത്തു.
സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാൻ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് പറഞ്ഞു. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാൻ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷർട്ടിന്റെ കോളറിന് പിടിച്ച് ജീപ്പിൽ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നും സുജിത്ത് പറഞ്ഞു.
സ്റ്റേഷനിൽ വച്ച് എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് ദേഹോപദ്രവം ഏൽപ്പിച്ചത്. സിസിടിവി ദൃശ്യം പരിശോധിക്കണമെന്ന് താനാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ ദൃശ്യങ്ങൾ തരാൻ പൊലീസ് വിസമ്മതിച്ചെന്നും സുജിത്ത് പറയുന്നു. കേസ് ഒതുക്കിതീർക്കാൻ സംസാരങ്ങളുണ്ടായെങ്കിലും അതിന് വഴങ്ങിയില്ല. സസ്‌പെൻഷൻ മാത്രം പോര പൊലീസിൽ തുടരാൻ അവർ അർഹരല്ലെന്നും കരുതിക്കൂട്ടിയാണ് തന്നെ മർദിച്ചതെന്നും സുജിത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്