കോഴിക്കോട്: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടക്കുന്ന ദ്വിദിന ഇൻട്രാഇസ്ലാമിക് ഡയലോഗ് കോൺഫറൻസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയും പങ്കെടുക്കും.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയും ബഹ്റൈൻ മതകാര്യ വകുപ്പും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം എൽഡേഴ്സ് കൗൺസിലും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. 'ഒരു സമൂഹം, ഒരുമിച്ചുള്ള മുന്നേറ്റം' എന്ന പ്രമേയത്തിൽ ഇസ്ലാമിക വിശ്വാസം പിന്തുടരുന്ന വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ഐക്യവും സ്നേഹ സംവാദങ്ങളും സാധ്യമാക്കുകയെന്നതാണ് കോൺഫറസിന്റെ ലക്ഷ്യം.
ഇസ്ലാമിക രാഷ്ട്രങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ 2022ലെ ഡയലോഗ് ഫോറത്തിൽ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് നടത്തിയ ആഹ്വാനത്തെ തുടർന്നാണ് വിവിധ മേഖലകളിലെ മുസ്ലിം പ്രധാനികൾ ഒരുമിക്കുന്ന ഈ വേദി സംഘടിപ്പിച്ചിട്ടുള്ളത്.
മത പണ്ഡിതർ, രാഷ്ട്ര നേതാക്കൾ, നയതന്ത്രജ്ഞർ, യൂണിവേഴ്സിറ്റി തലവന്മാർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 400 പ്രമുഖരാണ് കോൺഫറൻസിലെ അതിഥികൾ. കിഴക്കും പടിഞ്ഞാറുമുള്ള മുസ്ലിംകളുടെ ഇടയിൽ യോജിപ്പിന്റെ വിശാലമായ വേദിയുണ്ടാക്കാനും അതിലൂടെ മുസ്ലിം സമൂഹങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ പരിഹരിക്കാനും കോൺഫറൻസ് ലക്ഷ്യമിടുന്നു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ്, കസാഖിസ്ഥാൻ സ്പീക്കർ മൗലൻ അസിംബേവ് ഉൾപ്പെടെയുള്ള പ്രമുഖർ നേതൃത്വം നൽകുന്ന സെഷനിൽ മുസ്ലിം സമൂഹം ഐക്യപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സംസാരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്