പത്തനംതിട്ട: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഒരിടവേളയ്ക്ക് ശേഷം ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയാകുന്നു. പദ്ധതിപ്രദേശത്ത് ഭൂവുടമയായ എബ്രഹാം കലമണ്ണിൽ ഡ്രോൺ സർവേ നടത്തിയതോടെയാണ് വിഷയത്തിന് വീണ്ടും ശ്രദ്ധ ലഭിച്ചത്.
തന്റെ കൈവശം പദ്ധതിപ്രദേശത്ത് ഏകദേശം 400 ഏക്കർ ഭൂമിയുണ്ടെന്നും, തുടർ സർവേയ്ക്കായി സ്വകാര്യ കമ്പനി വീണ്ടും എത്തുമെന്നും എബ്രഹാം കലമണ്ണിൽ പറഞ്ഞു. ആയിരം ഏക്കർ കൂടി ലഭിച്ചാൽ വിമാനത്താവള പദ്ധതി യാഥാർഥ്യമാക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പദ്ധതിയോട് യുഡിഎഫ് സർക്കാർ അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്നും എംപിമാരായ അബിൻ വർക്കിയും ആന്റോ ആന്റണിയും പദ്ധതിക്ക് പിന്തുണ നൽകുന്നുണ്ടെന്നും കലമണ്ണിൽ പറഞ്ഞു. പദ്ധതി സംബന്ധിച്ച നിർദേശം സമർപ്പിച്ചാൽ നിലവിലുള്ള മിച്ചഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും, ഹൈക്കോടതിയിലുള്ള കേസിനും അന്തിമപരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശക്തമായ ജനകീയ പ്രതിഷേധം നേരിട്ട പദ്ധതിയായിരുന്നു ആറന്മുള വിമാനത്താവളം. പുഞ്ചപ്പാടം നികത്തി വിമാനത്താവളം നിർമിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും, സമീപത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ട ആശങ്കകളും അന്ന് ഉയർന്നിരുന്നു.
തുടർന്ന് 2014-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) പദ്ധതി റദ്ദാക്കുകയും പിന്നീട് ആ തീരുമാനം സുപ്രീംകോടതിയും ശരിവെക്കുകയും ചെയ്തു.
അതേസമയം, പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതി വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ മാസം അബിൻ വർക്കിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. "ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കാൻ കഴിയുന്നതെങ്കിൽ അത് നല്ല കാര്യമാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
