കരൾ പോലെ കാക്കണം കരളിനെ: ഏപ്രിൽ 19 ലോക കരൾ ദിനം

APRIL 18, 2024, 3:51 PM

തിരുവനന്തപുരം: കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ വിവിധ തരം കരൾ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സംവിധാനങ്ങളുണ്ട്. സ്വകാര്യ ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപ ചെലവുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഈ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ 5 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വിജയകരമായി നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരുന്നതായും മന്ത്രി വ്യക്തമാക്കി.

മദ്യപിക്കാത്ത ആൾക്കാരിൽ ഉണ്ടാകുന്ന കരൾ രോഗമായ നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻ.എ.എഫ്.എൽ.ഡി.) കൂടി വരുന്നതിനാൽ അത് കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും തിരൂരുമുള്ള ജില്ലാതല ആശുപത്രികളിൽ എൻ.എ.എഫ്.എൽ.ഡി. ക്ലിനിക്കുകൾ ആരംഭിക്കാനുള്ള അനുമതി നൽകിയിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എൻ.എ.എഫ്.എൽ. രോഗം കണ്ടെത്തുന്നതിനുള്ള ഫൈബ്രോ സ്‌കാൻ മെഷീൻ വാങ്ങാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

പൊതുജനങ്ങളിൽ കരൾ രോഗത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ വർഷവും ഏപ്രിൽ 19ന് ലോക കരൾ ദിനം ആചരിക്കുന്നത്. 'ജാഗ്രത പാലിക്കുക, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ രോഗങ്ങൾ തടയുക' (Be Vigilant, Get Regular Liver Check-Ups and Prevent Fatty Liver Diseases) എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിന സന്ദേശം.

vachakam
vachakam
vachakam

മനുഷ്യ ശരീരത്തിലെ ഏറ്റവും വലുതും സുപ്രധാനവുമായ രണ്ടാമത്തെ അവയവമാണ് കരൾ. മെറ്റബോളിസം (ഉപാപചയ പ്രവർത്തനങ്ങൾ), ദഹനം, പ്രതിരോധശേഷി, വിഷ വസ്തുക്കളുടെ ശുദ്ധീകരണം, വിറ്റാമിനുകൾ, ധാതുക്കൾ, ഗ്ലൂക്കോസ് മുതലായവയുടെ സംഭരണം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് കരൾ നിർവഹിക്കുന്നത്. അതിനാൽ തന്നെ കരളിനെ ബാധിക്കുന്ന രോഗങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

മഞ്ഞപ്പിത്തം, കരൾ വീക്കം, സിറോസിസ്, കരളിലെ അർബുദം, ഫാറ്റി ലിവർ എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. അനാരോഗ്യകരമായ ഭക്ഷണക്രമം, മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറൽ അണുബാധകൾ തുടങ്ങിയവ കരൾ രോഗങ്ങൾക്ക് കാരണമാകുന്നു. ഫാറ്റി ലിവർ പോലുള്ള അസുഖങ്ങളിൽ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല. കണ്ണുകളിലെ മഞ്ഞ നിറം, കാലിലെയും വയറ്റിലെയും നീര്, മലത്തിലോ ഛർദ്ദിയിലോ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം, അബോധാവസ്ഥ, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദനയും വീക്കവും മുതലായവ കരൾ രോഗത്തിന്റെ ലക്ഷണങ്ങളാവാം.

രക്തപരിശോധനകൾ, ലിവർ ഫംഗ്ഷൻ ടെസ്റ്റ്, അൾട്രാസൗണ്ട് സ്‌കാൻ, സി.ടി. സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ, ഫൈബ്രോ സ്‌കാൻ, എൻഡോസ്‌കോപ്പി, ബയോപ്‌സി മുതലായ പരിശോധനകളിലൂടെ കരൾ രോഗങ്ങൾ കണ്ടെത്താം.

vachakam
vachakam
vachakam

മദ്യപാനം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, ഭക്ഷണത്തിൽ എണ്ണയും കൊഴുപ്പും കുറയ്ക്കുക, പഴങ്ങൾ, പച്ചക്കറികൾ കൂടുതൽ കഴിക്കുക, അമിത ഭാരം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവ നിയന്ത്രണ വിധേയമാക്കുക, തിളപ്പിച്ചാറ്റിയ വെള്ളവും വൃത്തിയുള്ള ഭക്ഷണവും ശീലമാക്കുക, ആഹാരത്തിനു മുമ്പും മലമൂത്ര വിസർജന ശേഷവും ശുചിത്വം പാലിക്കുക, മറ്റുള്ളവർ ഉപയോഗിച്ച ബ്ലേഡ്, സിറിഞ്ച് എന്നിവ ഉപയോഗിക്കാതിരിക്കുക എന്നിവയിലൂടെ കരൾ രോഗങ്ങൾ പ്രതിരോധിക്കാനാകും.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam