വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർണം; മുഴുവൻ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

APRIL 25, 2024, 4:15 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് (ഏപ്രിൽ 26) രാവിലെ ഏഴിന് ആരംഭിക്കും. വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. 2,77,49,159 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരിൽ 1,43,33,499 പേർ സ്ത്രീകളാണ്. 

ആകെ വോട്ടർമാരിൽ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാർമാരാണ്. കൂടാതെ 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. പ്രായ, ലിംഗ ഭേദമന്യേ മുഴുവൻ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിച്ച് രാഷ്ട്ര നിർമാണപ്രക്രിയയിൽ പങ്കാളികളാണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ഇക്കുറി മൽസര രംഗത്തുള്ളത്. 

പോളിങ് ബൂത്തുകളിൽ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളിൽ എത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളിൽ വോട്ടെടുപ്പ് പ്രക്രിയകൾക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തിൽ പ്രിസൈഡിങ് ഓഫീസർ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സിൽ താഴെയുള്ള യുവജനങ്ങൾ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാർ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്‌നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.  

vachakam
vachakam
vachakam

ഭിന്നശേഷി വോട്ടർമാർക്കായി ബൂത്തുകളിൽ റാമ്പും വീൽച്ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും ബൂത്തുകളിൽ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. കൂടാതെ ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടർമാർക്ക് യാത്രാസൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. പ്രാഥമിക പരിശോധന, മൂന്ന്ഘട്ട റാൻഡമൈസേഷൻ, മോക്ക് പോളിങ് എന്നിവ പൂർത്തിയാക്കി കുറ്റമറ്റതെന്ന് ഉറപ്പാക്കിയാണ് വോട്ടിങ് യന്ത്രങ്ങൾ പോളിങ് ബൂത്തുകളിൽ എത്തിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ ആറിന് പോളിങ് ബൂത്തുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വീണ്ടും മോക്‌പോൾ നടത്തി യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിക്കുക. 

പോളിങ് ബൂത്തുകൾ, വിതരണ കേന്ദ്രങ്ങൾ, സ്‌ട്രോങ് റൂമുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഒരുക്കാനും സുഗമമായ വോട്ടിങ് പ്രക്രിയ ഉറപ്പുവരുത്താനുമായി 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ മൂലം തിരഞ്ഞെടുപ്പ് തടസ്സപ്പെടാതിരിക്കാൻ ദ്രുതകർമ്മസേനയെയും എല്ലാ പോലീസ് സ്റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ വോട്ടർമാർക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്താൻ കേന്ദ്രസേനയെ ഉൾപ്പെടുത്തി പ്രത്യേക സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും ബാക്കി ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. 

കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. 

vachakam
vachakam
vachakam

ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകൾക്ക് പുറത്തും കാമറ സ്ഥാപിച്ചിട്ടുണ്ട്. ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യൽ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തിയതെന്ന്  മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും 20 ലോക്‌സഭാ മണ്ഡലങ്ങളിലെ ആർ.ഒമാരുടെ കീഴിലും സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിലും വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കുന്നുണ്ട്. സ്‌ട്രോംഗ് റൂമുകളിലും വോട്ടെണ്ണൽ കേന്ദങ്ങളിലും ഇതേ രീതിയിൽ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam