മംഗളൂരു വിമാനാപകടം:  നഷ്ടപരിഹാരം നല്‍കാതെ എയര്‍ ഇന്ത്യ

JUNE 22, 2026, 10:33 PM

കാസർകോട്: മംഗളൂരു വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ എയർ ഇന്ത്യ മുഖം തിരിക്കുകയാണെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസ് ഓഗസ്റ്റ് ഇരുപത്തൊന്ന് മുതൽ ഇരുപത്തിമൂന്ന് വരെ നടക്കുന്ന പ്രത്യേക ലോക് അദാലത്തിലേക്ക് കോടതി പരിഗണിച്ചിട്ടുണ്ട്.

ഇതിന് മുന്നോടിയായി കാസർകോട് ജില്ലാ നിയമ സേവന അതോറിറ്റി തലത്തിൽ ജൂൺ പത്തിന് പ്രീ ലോക് അദാലത്ത് അനുരഞ്ജന സിറ്റിങ് ക്രമീകരിച്ചിരുന്നു. എന്നാൽ മംഗളൂരു വിമാനദുരന്ത ഇരകളുടെ കുടുംബ സംഘടനയുടെ പ്രതിനിധികൾ സിറ്റിങ്ങിനെത്തിയെങ്കിലും എയർ ഇന്ത്യ അധികൃതർ പ്രതിനിധികളെ അയക്കാൻ പോലും തയ്യാറായില്ല. ഈ സാഹചര്യത്തിൽ സമ്മർദം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സംഘടന.

തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ജൂൺ ഇരുപത്തിഏഴിന് രാവിലെ പത്ത് മണിക്ക് പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തിൽ ദുരന്ത ബാധിത കുടുംബങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് സംഘടനാ പ്രസിഡന്റ് നാരായണൻ കളിങ്ങോം അറിയിച്ചു. കേസ് കൈകാര്യം ചെയ്യുന്ന ആരിഫ് അസോസിയേറ്റ്സിലെ മുതിർന്ന അഭിഭാഷകരും യോഗത്തിൽ പങ്കെടുക്കും. ദുരന്തത്തിൽ മരിച്ചവരുടെ ലഭ്യമായ രേഖകൾ, മുൻപ് ലഭിച്ച നഷ്ടപരിഹാരത്തിന്റെ തെളിവുകൾ, ശമ്പള സർട്ടിഫിക്കറ്റ് എന്നിവ യോഗത്തിൽ കൊണ്ടുവരണമെന്ന് കുടുംബങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

സുപ്രീം കോടതി നിർദേശിച്ച സമവായ ചർച്ചകളിൽ നിന്ന് എയർ ഇന്ത്യ അധികൃതർ പൂർണമായും വിട്ടുനിൽക്കുകയാണെന്ന് നാരായണൻ കളിങ്ങോം കുറ്റപ്പെടുത്തി. ചർച്ചയ്ക്ക് പ്രതിനിധികളെ പോലും അയക്കാതെ നീതിപീഠത്തെയും ഇരകളുടെ ആശ്രിതരെയും ഒരേ സമയം അപമാനിക്കുകയാണ് എയർ ഇന്ത്യ ചെയ്യുന്നതെന്നും ഈ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരേ സംഘടന ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2010 മേയ് 22ന് പുലർച്ചെ ദുബായിൽ നിന്ന് 166 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു ബാജ്പെ വിമാനത്താവളത്തിലെ ടേബിൾ ടോപ്പ് റൺവേയിൽ ലാൻഡിങ്ങിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പുലർച്ചെ 6. 15ന് നടന്ന ആ ദാരുണ അപകടത്തിൽ 152 യാത്രക്കാരും 6 ജീവനക്കാരുമുൾപ്പെടെ 158 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എട്ടുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളിൽ ഭൂരിഭാഗവും കാസർകോട്ടുകാരായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam