തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിവാദ സസ്‌പെൻഷനിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
ആരുടേയും വ്യക്തിപരമായ കാര്യങ്ങളിൽ കെഎസ്ആർടിസി ഇടപെടില്ല. എന്നാൽ കൃത്യനിർവഹണത്തിൽ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചതിനൊപ്പം സസ്‌പെൻഷൻ ഉത്തരവിലും പിഴവുണ്ടായെന്ന് മന്ത്രി പറഞ്ഞു. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും മന്ത്രി വിശദീകരിച്ചു.
ശനിയാഴ്ചയായിരുന്നു വനിതാ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തുകൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത്. വിവാദമായതോടെ മന്ത്രി ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു.
കെഎസ്ആർടിസിയിൽ ഡ്രൈവറായ തന്റെ ഭർത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി 'അവിഹിതം' ഉണ്ടെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ ആരോപണ വിധേയയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ചീഫ് ഓഫീസ് വിജിലൻസിന്റെ ഇൻസ്പെക്ടർ അന്വേഷണം നടത്തിയാണ് സസ്‌പെൻഡ് ചെയ്തത്.
'ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റ് പറ്റിയെങ്കിൽ പരിശോധിക്കും. തെറ്റ് സംഭവിച്ചതിനാലാണ് സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കാൻ നിർദേശം കൊടുത്തത്. വിഷയത്തിൽ രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമായ വശമാണ്. വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആർടിസി അല്ല. മറ്റൊരു വശം കണ്ടക്ടറുടെ അശ്രദ്ധക്കൊണ്ട് യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നുവെന്നതാണ്. ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടർക്കാണ്. നാട്ടുകാരുടെ കയ്യിലല്ല. അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായി. സസ്‌പെൻഷൻ ഉത്തരവിലേത് ഉദ്യോഗസ്ഥന് സംഭവിച്ച അബദ്ധമാണ്. ആരുടേയും വ്യക്തിപരമായ കാര്യത്തിൽ ഉത്തരവാദിത്തം കെഎസ്ആർടിസിക്ക് ഇല്ല. അതിനാണ് ഉത്തരവ് റദ്ദാക്കിയത്', കെ ബി ഗണേഷ് കുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
