വനിതാ സംവരണ ബില്‍: പാസാക്കാന്‍ സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് നീക്കം; മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബി.ജെ.പി

AUGUST 29, 2026, 7:49 PM

ന്യൂഡല്‍ഹി: മണ്ഡലപുനര്‍വിഭജനവുമായി ബന്ധപ്പെടുത്തി വനിതാസംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലും അനുബന്ധ ബില്ലുകളും പാസാക്കുന്നതിനായി സെപ്റ്റംബര്‍ മൂന്നാംവാരത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്രത്തില്‍ നീക്കം ശക്തമാകുന്നു. സമ്മേളനത്തിന് മുന്നോടിയായി ബി.ജെ.പി ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

വനിതാസംവരണ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മന്ത്രി കിരണ്‍ റിജിജുവിന് കത്ത് നല്‍കിയ സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചേക്കുമെന്നും സൂചനയുണ്ട്. വര്‍ഷകാല സമ്മേളനത്തിന് ശേഷം സഭ പിരിഞ്ഞെങ്കിലും അതിന്റെ വിജ്ഞാപനം ഇതുവരെ പുറത്തിറക്കാത്ത സാഹചര്യമാണ് പ്രത്യേക സമ്മേളനത്തിന് വഴിതുറക്കുന്നത്. നേരത്തെ ഏപ്രിലില്‍ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ചേര്‍ന്ന് ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയ്ക്കാനാവാതെ പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ തെളിഞ്ഞിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 20 അംഗങ്ങളെ അടര്‍ത്തി മാറ്റാന്‍ ബി.ജെ.പിയ്ക്ക് സാധിച്ചു. തമിഴ്നാട്ടില്‍ ഇന്ത്യസഖ്യം വിട്ട് ഒറ്റയ്ക്ക് നില്‍ക്കുന്ന ഡി.എം.കെയുടെ പിന്തുണ ഉറപ്പാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ മഹാരാഷ്ട്രയിലെ ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തില്‍ നിന്നുള്ള ആറുപേര്‍ നിലവില്‍ എന്‍.ഡി.എ പക്ഷത്തുണ്ട്. എന്‍.സി.പി ശരദ്പവാര്‍ വിഭാഗത്തെക്കൂടി ഒപ്പം കൂട്ടാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്. ഈ രാഷ്ട്രീയ നീക്കങ്ങള്‍ പൂര്‍ണമായും വിജയിച്ചാല്‍ മാത്രമേ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുകയുള്ളൂവെന്നും, അല്ലാത്തപക്ഷം വര്‍ഷകാലസമ്മേളനം പിരിഞ്ഞതായുള്ള വിജ്ഞാപനമിറക്കുമെന്നുമാണ് എന്‍.ഡി.എ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം ഭരണഘടനാ ഭേദഗതി പാസാക്കുന്നതിനായി ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയ്ക്കുക എന്നത് എന്‍.ഡി.എയ്ക്ക് മുന്നില്‍ വലിയ കടമ്പയായി തുടരുകയാണ്. ആകെയുള്ള 540 ലോക്സഭാ അംഗങ്ങളില്‍ 360 പേരുടെ പിന്തുണയാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. നിലവിലെ കണക്കനുസരിച്ച് എന്‍.ഡി.എയ്ക്കുള്ള 293 പേര്‍ക്ക് പുറമെ, സ്വതന്ത്രരുടെ പിന്തുണയും തൃണമൂല്‍, ശിവസേന വിഭാഗങ്ങളില്‍ നിന്നുള്ള പിന്തുണയും ചേര്‍ത്താല്‍ അംഗബലം 324 ആയി ഉയരും.

ബില്ലിനെ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ ഡി.എം.കെ തയ്യാറായാല്‍ ഇത് 346 ആകും. എന്‍.സി.പി ശരദ് പവാര്‍ പക്ഷത്തെ എട്ടുപേര്‍ കൂടി അനുകൂലിച്ചാലും സംഖ്യ 354 ല്‍ മാത്രമേ എത്തു. അതായത് അപ്പോഴും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ആറുപേരുടെ പിന്തുണ കൂടി കുറവാണ്. 245 അംഗ രാജ്യസഭയില്‍ നിലവില്‍ 244 അംഗങ്ങളാണുള്ളത്. ഇവിടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 164 പേരുടെ പിന്തുണ വേണം. എന്‍.ഡി.എ.യ്ക്ക് നിലവില്‍ 152 പേരുടെ പിന്തുണയാണുള്ളത്. ഒരു സ്വതന്ത്ര എം.പിയുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയിട്ടുണ്ട്. രാജ്യസഭയില്‍ എന്‍.സി.പി.-എസ്.പി., വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ഡി.എം.കെ എന്നീ പാര്‍ട്ടിയിലെ അംഗങ്ങളുടെ നിലപാട് നിര്‍ണായകമാണ്. ബിജു ജനതാദളും ഡി.എം.കെയും പിന്തുണച്ചാലോ, അല്ലെങ്കില്‍ ഇരു പാര്‍ട്ടികളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാലോ സഭയിലെ ബാക്കി അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam