ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് യാത്രാ തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസ്സും പ്രത്യേക സർവീസുകൾ ഉൾപ്പെടെ കൂടുതൽ വിമാന സർവീസുകൾ നടത്താൻ തീരുമാനിച്ചു. ഇന്ന് ഗൾഫ് മേഖലയിലേക്ക് ആകെ 80 സർവീസുകൾ നടത്തുമെന്ന് എയർലൈൻ ഗ്രൂപ്പ് അറിയിച്ചു. ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമേ പ്രത്യേക സർവീസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ തടസമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്ന് ജിദ്ദയിലേക്ക് ഇന്ന് 10 വിമാനങ്ങളാണ് സർവീസ് നടത്തുക. ഡൽഹിയിൽ നിന്ന് ഒരു റൗണ്ട് ട്രിപ്പും മുംബൈയിൽ നിന്ന് രണ്ട് റൗണ്ട് ട്രിപ്പുകളും എയർ ഇന്ത്യ നടത്തും.
അതേസമയം എയർ ഇന്ത്യ എക്സ്പ്രസ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടെക്കും മംഗളൂരുവിലേക്കും അധിക സർവീസുകൾ നടത്തും. ഡൽഹി, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് മസ്‌കറ്റിലേക്ക് ആകെ എട്ട് സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. കൂടാതെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്യും സൗദി അറേബ്യയും ലക്ഷ്യമാക്കി ഷെഡ്യൂൾ ചെയ്യാത്ത 62 അധിക സർവീസുകൾ കൂടി നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതത് വിമാനത്താവളങ്ങളിലെ സാഹചര്യം, അനുമതി എന്നിവ അനുസരിച്ചായിരിക്കും ഇവ.
വിമാനങ്ങൾ റദ്ദായതോ വൈകിയതോ മൂലം ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്കായി എയർ ഇന്ത്യ പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചു. അധിക പണം നൽകാതെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാനോ ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കാനോ അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. എയർഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്.
യുഎഇയിൽ നിന്ന് എയർഇന്ത്യഎക്സ്പ്രസ്സ് വഴി യാത്ര ചെയ്യുന്നവർക്ക് ഇന്ത്യയിലെ ഏത് നഗരത്തിലേക്കും അധിക നിരക്കില്ലാതെ ടിക്കറ്റ് മാറ്റിയെടുക്കാനും സൗകര്യമുണ്ട്. അതേസമയം അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകൾ നിലവിലെ സാഹചര്യത്തിൽ ബാധിക്കില്ലെന്നും അവ സാധാരണ പോലെ തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രാ തടസം നേരിട്ട യാത്രക്കാരുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ വഴി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ഏറ്റവും പുതിയ വിവരങ്ങൾക്കായി കോൺടാക്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും കമ്പനി അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
