ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാകും; വിസ പരിഷ്‌കാരം ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് മാര്‍ക്കോ റൂബിയോ

MAY 24, 2026, 8:26 AM


ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും അവ രാജ്യം മുഴുവന്റെയും മനോഭാവമല്ലെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

'എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ മനുഷ്യരുണ്ടാകും. വിദ്വേഷം പരത്തുന്ന ഇത്തരം ചില ആളുകളുടെ വാക്കുകളെ അടിസ്ഥാനമാക്കി ഒരു രാജ്യത്തെ മുഴുവന്‍ വിലയിരുത്തരുത്. അമേരിക്ക ഇപ്പോഴും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന രാജ്യമാണ്. യുഎസിന്റെ വളര്‍ച്ചയിലും സമ്പദ്വ്യവസ്ഥയിലും ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകള്‍ സമാനതകളില്ലാത്തതാണ്,' വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി റൂബിയോ വ്യക്തമാക്കി.

എച്ച്-1ബി, എഫ്-1 വിദ്യാര്‍ത്ഥി വിസകള്‍ ഉള്‍പ്പെടെയുള്ള യുഎസ് കുടിയേറ്റ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്ന് റൂബിയോ വിശദീകരിച്ചു. കഴിഞ്ഞ കുറച്ചുകാലമായി അമേരിക്ക നേരിടുന്ന അനധികൃത കുടിയേറ്റ പ്രതിസന്ധി പരിഹരിക്കാനാണ് ഈ നടപടികള്‍. വിസ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ആഗോള പരിഷ്‌കരണത്തിന്റെ ഭാഗമാണിത്. പരിവര്‍ത്തന ഘട്ടത്തില്‍ ചില തടസ്സങ്ങള്‍ സ്വാഭാവികമാണെങ്കിലും, ഇത് ഇന്ത്യയുമായുള്ള ബിസിനസ്-യാത്രാ ബന്ധങ്ങളെ ബാധിക്കില്ല. ഇന്ത്യക്കാര്‍ക്കായി പ്രത്യേക മുന്‍ഗണനാ വിസ സേവനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കേവലം ഒരു പ്രാദേശിക സഖ്യമല്ല, മറിച്ച് ആഗോളതലത്തില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള തന്ത്രപരമായ സൗഹൃദമാണെന്ന് ഇരുനേതാക്കളും ഓര്‍മ്മിപ്പിച്ചു. പാകിസ്ഥാനുമായുള്ള യുഎസിന്റെ ബന്ധം ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഉറപ്പ് നല്‍കി.

പ്രതിരോധം, സുരക്ഷ, ആഗോള വ്യാപാരം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇതിന് പുറമെ, സമുദ്ര സുരക്ഷയും സുരക്ഷിതമായ സമുദ്ര വ്യാപാരവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. മെയ് 26 ന് നടക്കുന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലും മാര്‍ക്കോ റൂബിയോ പങ്കെടുക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam