ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ഝാല്‍മുരി' (ബംഗാളിലെ പ്രിയപ്പെട്ട ലഘുഭക്ഷണം) വിറ്റ തെരുവ് കച്ചവടക്കാരന് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വധഭീഷണി. ജാര്‍ഗ്രാം സ്വദേശിയായ ബിക്രം സൗവിനാണ് അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ആശങ്കയിലായ കുടുംബത്തിന് ലോക്കല്‍ പൊലീസ് സുരക്ഷയൊരുക്കി.
കഴിഞ്ഞ ഏപ്രില്‍ 19-ന് ജാര്‍ഗ്രാമില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിക്രമിന്റെ തട്ടുകടയില്‍ അപ്രതീക്ഷിതമായി എത്തിയത്. കച്ചവടക്കാരനോട് കുശലാന്വേഷണം നടത്തി അദ്ദേഹം ഝാല്‍മുരി വാങ്ങി കഴിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുകയും ബിക്രം സൗ ഒറ്റരാത്രികൊണ്ട് ജനശ്രദ്ധ നേടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തിനിടെ നെതര്‍ലന്‍ഡ്സില്‍ നടന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയിലും അദ്ദേഹം ഈ സംഭവം പരാമര്‍ശിച്ചിരുന്നു.
എന്നാല്‍, ഈ പ്രശസ്തി ഇപ്പോള്‍ ബിക്രമിനും കുടുംബത്തിനും വലിയൊരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നമ്പറുകളില്‍ നിന്ന് തനിക്ക് നിരന്തരം ഫോണ്‍ കോളുകളും വീഡിയോ കോളുകളും വരുന്നുണ്ടെന്ന് ബിക്രം മാധ്യമങ്ങളോട് പറഞ്ഞു.
ബോംബ് വെച്ച് തകര്‍ക്കുമെന്നും കുടുംബത്തെ അടക്കം ഇല്ലാതാക്കുമെന്നുമാണ് ഭീഷണി. വീഡിയോ കോളിലൂടെ ആയുധങ്ങള്‍ കാണിച്ച് ഭയപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. അപകീര്‍ത്തികരമായ ഭാഷയിലാണ് അവര്‍ സംസാരിക്കുന്നതെന്നും ബിക്രം വ്യക്തമാക്കി.
താന്‍ സൈക്കിളിലാണ് യാത്ര ചെയ്യുന്നതെന്നും ജീവനില്‍ ഭയമുണ്ടെന്നും വ്യക്തമാക്കിയ ബിക്രം, പ്രധാനമന്ത്രി തനിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ ബിക്രം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാര്‍ഗ്രാം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ബിക്രമിന്റെ കടയിലും വീടിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തെരുവ് കച്ചവടക്കാരന് നേരെയുണ്ടായ അന്താരാഷ്ട്ര ഭീഷണി ജാര്‍ഗ്രാം നിവാസികള്‍ക്കിടയിലും വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
