പതറാതെ പയറ്റുന്ന പാറ്റകൾ

JULY 24, 2026, 2:06 PM

അങ്ങ് ലഡാക്കിൽ നിന്നുള്ള ചുള്ളനും ചുറുചറുക്കുള്ളൊരു എൻജിനീയറുമായിരുന്നു സോനം വാങ്ചുക്ക്. തീർന്നില്ല നല്ലൊന്നാന്തരം  വിദ്യാഭ്യാസ പ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ എന്നു മാലോകരെക്കൊണ്ടു പറയിപ്പിക്കാനും ടീയാന് കഴിഞ്ഞിരുന്നു. മാതാപിതാക്കളായ സോനം വാങ്യാലിയും സെറിംഗ് വാങ്‌മോയും ആണ് തങ്ങളുടെ സന്താനം നല്ലൊരു പ്രകൃതി സ്‌നേ
ഹിയാണെന്ന് ആദ്യം കണ്ടെത്തിയത്.  

ഈ കഥാപുരുഷൻ ആദ്യകലത്ത് ബി.ജെ.പിയെ വാനോളം പുകഴ്ത്തി. എന്നാൽ ടീയാന്റെ ചില ചെയ്തികൾ കണ്ടതോടെ ബി.ജെ.പിക്കാരുടെ മട്ടുമാറി. ഇതുപോലൊരു രാജ്യദ്രോഹി വേറെയില്ലെന്നായി അക്കൂട്ടർ. 

അതോടെ ലഡാക്കിന് ഭരണഘടനാപരമായ അവകാശങ്ങളും ആറാം ഷെഡ്യൂളും ആവശ്യപ്പെട്ട്  ടീയാൻ മുട്ടിന്മേൽ നിന്ന് മുട്ടിപ്പായി സമരം ചെയ്യാൻ തുടങ്ങി. പതിവുപോലെ ബി.ജെ.പിയുടെ ഗ്വോഗ്വൊ വിളിക്കാർ വാങ്ചുക്കിനെ വളഞ്ഞിട്ട്  അത്യുച്ചത്തിൽ ചീത്തവിളിക്കാനും രാജ്യദ്രോഹിയെന്ന ചാപ്പ കൊണ്ട് കുത്തിമലർത്താനും കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരുന്നു. 

vachakam
vachakam
vachakam

2024 മാർച്ചിൽ വാങ്ചുക്കിന്  ഉണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നൊരു ഉൾവിളി ഉണ്ടായതിനെ തുടർന്ന് ഡൽഹിയിലേക്ക്  വച്ചുപിടിച്ചു. ആ കലാപരിപാടി മോദി സർക്കാരിന് ഒട്ടുതന്നെ പിടിച്ചില്ല. കലാപത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് 2025 ൽ ദേശീയ സുരക്ഷാ നിയമപ്രകാരം ഈ ചുക്കുമണിയനെ  അറസ്റ്റ് ചെയ്തു, പിന്നീട് 2026 മാർച്ചിൽ ഒരു കണക്കിന് വിട്ടയച്ചു. 

അങ്ങനെയിരിക്കെയാണ് ഒരു ജഡ്ജിയേമാന്റെ പരിഹാസത്തിൽ നിന്നും രൂപംകൊണ്ട  കോക്രോച്ച് ജനതാപാർട്ടി സമരത്തിനിറങ്ങുന്നത്. അതിനുള്ള കാരണം നീറ്റ് 2026ലെ ചോദ്യപേപ്പർ ചോർച്ച..! പരീക്ഷക്രമക്കേടിന്റെ പേരിൽ ഒന്നിനു പിറകെ ഒന്നായി കുട്ടികൾ ആത്മഹത്യപ്രവണതയിൽ മുങ്ങിക്കുളിക്കുക്കുന്ന ഘട്ടത്തിലാണ് പാറ്റകൾ സമരമുഖത്തെത്തിയത്.  പരീക്ഷാക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിപ്രമുഖൻ  ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് ആവശ്യം.

പാറ്റക്കൂട്ടം ഒന്നടങ്കം ജന്തർ മന്തറിൽ പറന്നിറങ്ങാൻ തുടങ്ങി. കേന്ദസർക്കാർ പതിവു പോലെ അവഗണനയുടെ മേലാപ്പിട്ട് പുതപ്പിക്കാൻ നോക്കി. തീയുണ്ടാക്കി ഇയാംപാറ്റകളെ ആകർഷിച്ച് കരിച്ചൊതുക്കാൻ പലവട്ടം പാടുപെട്ടെങ്കിലും പാറ്റക്കൂട്ടം പതറിയില്ല. ഡൽഹി പോലീസ് നെഞ്ചത്തെ നെയിം പ്ലേറ്റ് ഊരിമാറ്റി കോമാളിവേഷം കെട്ടി പാറ്റകളെ കൊട്ടിയൊതുക്കാനും ശ്രമിച്ചു. ചുരുക്കം ചില പോലീസ് വിദ്വാന്മാർ കാമകേളിക്കുമൊരുങ്ങി. മറ്റുചിർ പെല്ലാറ്റുകൊണ്ട് ഇല്ലാതാക്കാനും ഒരുങ്ങി.

vachakam
vachakam
vachakam

അതിനിടെ സോനം വാങ്ചുക്ക്  എവിടെനിന്നോ പറന്നിറങ്ങി. താനും ഒരു പാറ്റയാണെന്നും കൊക്കിൽ ജീവനുള്ളടത്തോളം കാലം പാറ്റയായിക്കഴിഞ്ഞുകൊള്ളാമെന്നും പ്രതിജ്ഞയെടുക്കുന്നു. ജൂൺ 28 മുതലങ്ങ് തന്റെ തുറുപ്പു ചീട്ടായ നിരാഹാരം തുടങ്ങി. കോൺഗ്രസ് തെരുവിലിറങ്ങി. അടി തിരിച്ചടി മറിച്ചടി. അയങ്ങിനെ അടിയുടെ പൂരം കൊടിയേറി. സമരക്കാർ കുതറി. സർക്കാർ പതറി.

ബി.ജെ.പിയുടെ മാർഗനിർദ്ദേശകൻ മുരളിമനോഹർ ജോഷി വിദ്യാർത്ഥികളുടെ രക്തത്തിൽ പങ്കില്ലെന്നു പറഞ്ഞ് കൈകഴുകി. അതുവരെ മണ്ണും ചാരിനിന്ന അണ്ണാ ഹസാരെ നിശബ്ദനായി രണ്ടുമണിക്കൂർ കുത്തിയിരുന്നു. അല്ലെങ്കിലും അദ്ദേഹത്തെ നിശബ്ദനാക്കിയിട്ട് നാളുകളേറെയായില്ലെ..? 

പിന്നെ കൊടിയ രാജ്യദ്രോഹിയെന്നു മുദ്രകുത്തിയ വാങ്ചുക്കിനെ ഒളിഞ്ഞും തെളിഞ്ഞും കാണാൻ കേന്ദ്ര മന്ത്രിമാർ തിക്കും തിരക്കും കൂട്ടി. അതിൽ ആരോ ടീയാനെ പാട്ടിലാക്കിയതോടെ ഏതോ നിമിഷത്തിൽ എങ്ങിനെയോ വാങ്ചുക്ക് നിരാഹാരത്തിനു സുല്ലിട്ടു കളിമതിയാക്കി.

vachakam
vachakam
vachakam

അതിനു കാരണമായി പറയുന്നത് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയത്രെ..! കുറുപ്പിന്റെ ഉറപ്പ് പിന്നേയും വിശ്വസിക്കാം...! കലികാലം എന്നല്ലാതെന്തു പറയാൻ..! 

ഈ ചുക്കുമണിയൻ നിരാഹാരം  അവസാനിപ്പിച്ചാലും ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നതു വരെ സമരം തുടരുമെന്നാണ് പാറ്റകളുടെ പെരിയ സ്വാമി അഭിജിത് ദിപ്‌കെ പറയുന്നത്. സമരക്കാരെ ഇഡിയെ ഇറക്കിയും  ഇങ്കംടാക്‌സുകാരെ വിട്ടും വിരട്ടാൻ കഴിയാത്തതുകൊണ്ട് ആശയവിനിമയവും അന്നവും മുടക്കിക്കളയാമെന്നാണ് മണ്ടശിരോമണികളായ ഡൽഹിപോലീസിന്റെ വ്യാമോഹം. ഈ കളിയും കയ്യാങ്കളിയും ജൻസികൾക്ക് ഒരു പ്രശ്‌നമേയല്ല..! 

സംഭവാമി യുഗേ...യുഗെ...!

ജോഷി ജോർജ്


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam