ചെന്നൈ: തമിഴ്നാട്ടില്‍ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ അതിവേഗ നീക്കം. 107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ടിവികെയ്ക്ക് 118 എന്ന മാന്ത്രിക സംഖ്യ തൊടാനായില്ല. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ വിജയ് ചടുല നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി വിജയ് സി പി എം നേതൃത്വവുമായടക്കം ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
സ്റ്റാലിന്റെ ഡി എം കെ സഖ്യത്തില്‍ മത്സരിച്ച് ജയിച്ച 2 എം എല്‍ എമാരുള്ള സി പി എമ്മിനെ ഒപ്പം നിര്‍ത്താനാണ് ടി വി കെയുടെ ശ്രമം. എന്നാല്‍ ഇക്കാര്യത്തില്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചേ മുന്നോട്ട് പോകൂ എന്നുമാണ് സി പി എം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പദ്മനാഭപുരം, കീഴ്‌വേലൂര്‍ എന്നീ സീറ്റുകളിലാണ് തമിഴ്നാട്ടില്‍ സി പി എം വിജയിച്ചത്. സി പി എമ്മിനൊപ്പം മറ്റുള്ളവരെയും വിജയ് ബന്ധപ്പെടുന്നതായാണ് വിവരം.
വിജയിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. വിജയിയുമായി സംസാരിച്ചുവെന്നും യുവാക്കളുടെ ശബ്ദം പ്രതിഫലിക്കുന്ന ഈ ജനവിധി അവഗണിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. തമിഴ്നാട്ടിലും പുതുച്ചേരിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിച്ച അദ്ദേഹം ജനങ്ങളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം തുടരുമെന്നും പറഞ്ഞു. മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും വിളിച്ചതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
അതേസമയം ടി വി കെയെ കോണ്‍ഗ്രസ് പിന്തുണക്കുമോ എന്ന കാര്യത്തിലും ആകാംക്ഷ ഏറുകയാണ്. വിജയിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുടെ അനുമോദനമാണ് ഇക്കാര്യത്തില്‍ ആകാംക്ഷയ്ക്ക് കാരണമായത്. പ്രവീണ്‍ ചക്രവര്‍ത്തി - വിജയ് കൂടിക്കാഴ്ച നേരത്തെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് - ടി വി കെ സഖ്യമുണ്ടാകുമെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
