ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിജയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കും. പിന്തുണ തേടി വിജയ് സമീപിച്ചെന്ന് അറിയിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ തമിഴ്നാട് കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ച സ്ഥിതിക്ക് കോണ്‍ഗ്രസ് തമിഴ്നാട് നേതൃത്വം വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കും. ഇന്ന് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി യോഗംചേരും. ഇതിലാകും തീരുമാനം. ബിജെപിയും അവരുടെ പ്രതിനിധികളും ഒരു കാരണവശാലും തമിഴ്‌നാട് ഭരിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും തമിഴ്‌നാട്ടിലെ ജനവിധി മതേതര സര്‍ക്കാരിന് വേണ്ടിയുള്ളതാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ട ടി.വി.കെ. 107 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. അഞ്ചു സീറ്റുള്ള കോണ്‍ഗ്രസിന്റെയും ചെറു കക്ഷികളുടെയും പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനാണ് ടി.വി.കെയുടെ ശ്രമം. 234 അംഗ തമിഴ്നാട് നിയമസഭയില്‍ 118 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. അതേസമയം കോണ്‍ഗ്രസിന്റെ പിന്തുണകൊണ്ട് മാത്രം വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല.
ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച സി.പി.എം., സി.പി.ഐ., മുസ്ലിം ലീഗ്, വി.സി.കെ., ഡി.എം.ഡി.കെ. കക്ഷികള്‍ക്ക് രണ്ടുസീറ്റുവീതം ലഭിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ വിജയ്ക്ക് ലഭിക്കുമോ എന്നതും അറിയണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
