ഡൽഹി: ഡിഎംകെയും ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നു. ടിവികെയുമായുള്ള സഖ്യത്തെ ചൊല്ലിയാണ് ഇരുപാർട്ടികളും പരസ്യ വിമർശനങ്ങളുമായി രംഗത്തെത്തിയത്.
ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ഡിഎംകെ യൂത്ത് വിങ് യോഗത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ഡിഎംകെയുമായുള്ള ഇരുപത് വർഷത്തിലേറെയുള്ള ബന്ധം അവസാനിപ്പിച്ച് അധികാരത്തിനായി കോൺഗ്രസ് ടിവികെയുമായി കൈകോർത്തുവെന്നും, “ഇനിയൊരിക്കലും കോൺഗ്രസിനെ വിശ്വസിക്കരുത്” എന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.
ഇതിന് മറുപടിയുമായി മാണിക്കം ടാഗോർ രംഗത്തെത്തി. “വിഷമഘട്ടങ്ങളിൽ ഡിഎംകെയ്ക്കൊപ്പം നിന്ന പാർട്ടിയാണ് കോൺഗ്രസ്. ഉദയനിധി പറഞ്ഞ കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല,” എന്നാണ് മാണിക്കം ടാഗോറിന്റെ പ്രതികരണം.
ബിജെപി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തുന്നത് തടയാനാണ് ടിവികെയുമായി സഹകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. “എപ്പോഴും മതേതരത്വത്തിനൊപ്പമാണ് കോൺഗ്രസ്. എന്നാൽ ബിജെപി, ഡിഎംകെയെയും അണ്ണാ ഡിഎംകെയെയും ഒന്നിപ്പിക്കാൻ ശ്രമിച്ചു. അത് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണ്,” എന്നും മാണിക്കം ടാഗോർ പറഞ്ഞു.
തമിഴ് രാഷ്ട്രീയത്തിലെ ചിരവൈരികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ രാഷ്ട്രീയ ധാരണയ്ക്കുള്ള നീക്കങ്ങൾ നടന്നുവെന്ന റിപ്പോർട്ടുകളെയും അദ്ദേഹം പരാമർശിച്ചു. ടിവികെ സർക്കാർ രൂപീകരണം തടയാൻ ഇരു കക്ഷികളും ചർച്ച നടത്തിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
അതേസമയം, “ഇന്ത്യയിൽ ബിജെപി വീണ്ടും ശക്തിപ്പെടാൻ കാരണം കോൺഗ്രസാണ്” എന്ന വിമർശനവും ഉദയനിധി സ്റ്റാലിൻ ആവർത്തിച്ചു. കോൺഗ്രസിന് രാഷ്ട്രീയ മര്യാദയോ നന്ദിയോ ഇല്ലെന്നും, അധികാരത്തിനായി ഡിഎംകെയെ ഉപേക്ഷിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
