കനത്ത മഴയില്‍ മുങ്ങി ത്രിപുര: 4000ലധികം വീടുകള്‍ തകര്‍ന്നു; പതിനൊന്നായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

JULY 10, 2026, 6:54 AM

അഗര്‍ത്തല: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് ത്രിപുരയിലെ മൂന്ന് ജില്ലകളില്‍ നാശംവിതച്ച് വെള്ളപ്പൊക്കം. ഉനകോട്ടി, ധലൈ, ഖോവായ് ജില്ലകളിലായി നാലായിരത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പതിനൊന്നായിരത്തോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം നല്‍കുന്ന ഘടകം.

മഴയ്ക്ക് നേരിയ ശമനമുണ്ടായതിനെ തുടര്‍ന്ന് മനു നദിയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയത് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. എന്നാല്‍ വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ദുരന്തബാധിത പ്രദേശങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ട ഉനകോട്ടി ജില്ലയില്‍ മാത്രം തുറന്ന 35 ദുരിതാശ്വാസ ക്യാമ്പുകളിലായി 6,068 പേര്‍ അഭയം തേടിയിട്ടുണ്ട്. അയല്‍ ജില്ലകളായ ധലൈ, ഖോവായ് എന്നിവിടങ്ങളില്‍ നിന്നുള്ള 4,909 പേരും ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് എസ്ഡിഎംഎ പ്രോജക്ട് ഡയറക്ടര്‍ സനത് കുമാര്‍ ദാസ് അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പെയ്ത അപ്രതീക്ഷിത മഴയാണ് ജനങ്ങളെ പെട്ടെന്ന് ഭവനരഹിതരാക്കിയത്. മൊത്തം 4,027 വീടുകള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം ജലവിഭവ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കൈലാഷഹര്‍ ഉപവിഭാഗത്തിലെ സ്ലൂയിസ് ഗേറ്റുകള്‍ കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതാണ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ കാരണമായതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ബിരാജിത് സിന്‍ഹ ആരോപിച്ചു.

എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലുണ്ടായ സാങ്കേതികമായ കാലതാമസമാണ് മനു നദിയിലെ ഒഴുക്ക് നിയന്ത്രിക്കുന്ന 19 സ്ലൂയിസ് ഗേറ്റുകളുടെ പണി വൈകിച്ചതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കൈലാശഹറിനെ ഭാവിയിലെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി തകര്‍ന്ന സ്ലൂയിസ് ഗേറ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുമെന്നും നദീതീരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam