ചന്ദ്രപൂരില്‍ കടുവയുടെ ആക്രമണം: നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; സംഭവം ബീഡിയില ശേഖരിക്കുന്നതിനിടെ

MAY 22, 2026, 10:35 PM

മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയില്‍ വനത്തിനുള്ളില്‍ വെച്ച് കടുവയുടെ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ബീഡി തെറുക്കാന്‍ ഉപയോഗിക്കുന്ന തെണ്ടുല്‍ ഇലകള്‍ ശേഖരിക്കാന്‍ വനത്തിലേക്ക് പോയ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുഞ്ചേവാഹി ഗ്രാമവാസികളായ കവാഡബായ് മൊഹുര്‍ലെ (45), അനിതബായ് മൊഹുര്‍ലെ (40), സുനിത മൊഹുര്‍ലെ (38), സംഗീത ചൗധരി (50) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ഗ്രാമത്തില്‍ നിന്നുള്ള 13 പേരടങ്ങുന്ന സ്ത്രീകളുടെ സംഘമാണ് പുലര്‍ച്ചെ വനത്തിലേക്ക് പോയത്. ഇവര്‍ കാടിനുള്ളില്‍ ഇലകള്‍ ശേഖരിച്ചുകൊണ്ടിരിക്കെ, സമീപത്തെ കൂട്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന കടുവ ഇവരെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ ബഹളം വെച്ച് ഓടി രക്ഷപ്പെട്ടതിനാലാണ് കൂടുതല്‍ അപകടങ്ങള്‍ ഒഴിവായത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ വനത്തില്‍ നിന്ന് പുറത്തെത്തിച്ചത്.

പ്രദേശത്ത് ഒരു പെണ്‍ കടുവയും നാല് കുഞ്ഞുങ്ങളും അടങ്ങുന്ന കടുവ കുടുംബത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായും കാടിനുള്ളിലേക്ക് പോകരുതെന്ന് ഗ്രാമവാസികള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയായി വരുന്ന ഈ കുഞ്ഞുങ്ങള്‍ കൂടുതല്‍ അക്രമകാരികളാകാന്‍ സാധ്യതയുള്ള പ്രായമാണെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ കടുവ സാന്നിധ്യമുള്ള മേഖലകളിലൊന്നായ 'തഡോബ അന്ധാരി ടൈഗര്‍ റിസര്‍വ്വിനോട്' ചേര്‍ന്നുകിടക്കുന്ന വനമേഖലയാണിത്. പ്രദേശത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം അതിരൂക്ഷമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചന്ദ്രപുര്‍ വന്യജീവി ആക്രമണ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആകെ മരണം (5 മാസം)19 എണ്ണമാണ്. 18 പേര്‍ കടുവ ആക്രമണത്തിലും ഒരാള്‍ പുള്ളിപ്പുലി ആക്രമണത്തിലുമാണ് മരിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തെ ആകെ മരണം ഇരുന്നൂറോളമാണ്.

2025 ലെ ആകെ മരണം 47 ആണ്. വേനല്‍ക്കാലത്ത് വനത്തിനുള്ളില്‍ ജലക്ഷാമം രൂക്ഷമാകുന്നതും, ഈ സമയങ്ങളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ആദിവാസികളും ഗ്രാമീണരും വനത്തിലേക്ക് കൂടുതല്‍ ആശ്രയിക്കുന്നതുമാണ് ദുരന്തങ്ങളുടെ ആവര്‍ത്തനത്തിന് കാരണം. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് തെണ്ടുല്‍ ഇലകളുടെ ശേഖരണം പ്രധാനമായും നടക്കുന്നത്. ഇത് ഇവിടുത്തെ സാധാരണക്കാരുടെ പ്രധാന വരുമാനമാര്‍ഗ്ഗം കൂടിയാണ്.

സംഭവത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സ്ഥിരമായ സംരക്ഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. നിലവില്‍ അക്രമം നടന്ന പ്രദേശത്ത് വനംവകുപ്പ് തെണ്ടുല്‍ ഇല ശേഖരണം താല്‍ക്കാലികമായി നിരോധിച്ചു. കടുവയെ നിരീക്ഷിക്കുന്നതിനായി 30 ക്യാമറ ട്രാപ്പുകളും 3 തത്സമയ നിരീക്ഷണ ക്യാമറകളും കാടിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ചന്ദ്രപൂര്‍ സര്‍ക്കിള്‍) ആര്‍.എം. രാമാനുജന്റെ നേതൃത്വത്തില്‍ കടുവയെ കണ്ടെത്താനുള്ള പ്രത്യേക തിരച്ചില്‍ ആരംഭിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമായി 25,000 രൂപ വീതം കൈമാറിയിട്ടുണ്ടെന്നും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 25 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam