ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ച വേളയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊപ്പം 10 വര്‍ഷം പഴക്കമുള്ള 'ഇന്‍സിയ ഹേമാനി' കേസും ചര്‍ച്ചാവിഷയമായി. ഡച്ച് പൗരത്വമുള്ള ഇന്‍സിയ എന്ന രണ്ടു വയസുകാരിയെ ഇന്ത്യന്‍ വംശജനായ പിതാവ് ഷെഹ്സാദ് ഹേമാനി ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവം നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രത്യേകം എടുത്തുപറഞ്ഞു.
2016 സെപ്റ്റംബറിലാണ് ആംസ്റ്റര്‍ഡാമിലെ വീട്ടില്‍ വെച്ച്, അമ്മ നാദിയ റാഷിദില്‍ നിന്നും ഒരു സംഘം ഗുണ്ടകളുടെ സഹായത്തോടെ ഷെഹ്സാദ് കുട്ടിയെ തട്ടിയെടുത്തത്. ഡച്ച് കോടതി കുട്ടിയെ ഒപ്പം നിര്‍ത്താനുള്ള നിയമപരമായ അവകാശം അമ്മയ്ക്കാണ് നല്‍കിയിരുന്നത്. പട്ടാപ്പകല്‍ നാദിയയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബന്ധുക്കളെയും അയല്‍ക്കാരെയും ആക്രമിച്ചാണ് സംഘം കുട്ടിയെ കടത്തിയത്. ഈ സംഭവം അക്കാലത്ത് ഡച്ച് സമൂഹത്തില്‍ വലിയ രീതിയില്‍ ആഘാതം സൃഷ്ടിച്ചിരുന്നു.
നെതര്‍ലന്‍ഡ്സില്‍ നിന്ന് ജര്‍മ്മനി വഴി കടത്തിയ ഇന്‍സിയയെ പിന്നീട് വ്യാജ മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഇപ്പോള്‍ 12 വയസ്സുള്ള പെണ്‍കുട്ടി പിതാവിനൊപ്പം ഇന്ത്യയിലാണുള്ളത്. മകളെ തിരികെ കിട്ടാനായി അമ്മ നാദിയ കഴിഞ്ഞ 10 വര്‍ഷമായി കഠിനമായ നിയമപോരാട്ടത്തിലാണ്. ഡച്ച് നിയമപ്രകാരം പിതാവ് ഷെഹ്സാദ് നിലവില്‍ പിടികിട്ടാപ്പുള്ളിയാണ്. 2018 ല്‍ ഒരു ഫോണ്‍ കോളിലൂടെ സംസാരിച്ചതിന് ശേഷം നാദിയയ്ക്ക് മകളെ നേരിട്ട് കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശന വേളയില്‍, മകളുടെ ചിത്രവുമേന്തി നീതിക്കായി യാചിച്ചുകൊണ്ട് നാദിയ കൊട്ടാരത്തിന് പുറത്തുണ്ടായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തമാകുന്നതിനിടയിലും, ഇന്‍സിയയുടെ കേസ് തങ്ങള്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഡച്ച് സര്‍ക്കാര്‍ ഈ ചര്‍ച്ചയിലൂടെ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
