ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. ബംഗാൾ നിയമസഭയിലെ പാർട്ടി എംഎൽഎമാർക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതിന് പിന്നാലെ, പാർലമെന്ററി രംഗത്തും മമത ബാനർജിക്ക് വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭയിലെ ഏറ്റവും മുതിർന്ന അംഗവും ചീഫ് വിപ്പുമായ സുകേന്ദു ശേഖർ റോയ് എംപി സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു. കഴിഞ്ഞ ആഴ്ച ബംഗാൾ നിയമസഭയിലുണ്ടായ പിളർപ്പിന് സമാനമായ സാഹചര്യത്തിലേക്കാണ് തൃണമൂലിന്റെ പാർലമെന്ററി വിംഗും നീങ്ങുന്നത്.
സുകേന്ദു ശേഖർ റോയ് രാജിവെച്ചതിന് തൊട്ടുപിന്നാലെ അഞ്ച് തൃണമൂൽ എംപിമാർ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രം 'ഇന്ത്യ ടുഡേ' പുറത്തുവിട്ടു. ഇതിന് പിന്നാലെ 29 ലോക്‌സഭാ എംപിമാരിൽ 14 പേർ ഡൽഹിയിലെത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരങ്ങൾ.
തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് അയച്ച രാജിപ്പത്തിലാണ് പാർട്ടി നേതൃത്വത്തിനെതിരെ സുകേന്ദു ശേഖർ റോയ് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ബംഗാളിലെ ജനങ്ങൾ പാർട്ടിയുടെ അഴിമതിയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പൂർണ്ണമായി തള്ളിക്കളഞ്ഞതായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, തൊഴിൽ, ക്രമസമാധാനം തുടങ്ങി എല്ലാ മേഖലകളിലും ഭരണകൂടം പരാജയപ്പെട്ടുവെന്നും ബംഗാളിൽ കടുത്ത അരാജകത്വമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് വൻ വിജയം സമ്മാനിച്ച വോട്ടർമാരെ അഭിനന്ദിച്ച അദ്ദേഹം, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ച് ബംഗാളിന്റെ വികസനത്തിനായി പുതിയ സർക്കാർ പ്രവർത്തനം ആരംഭിച്ചതായും ബിജെപിയെ പ്രശംസിച്ചുകൊണ്ട് കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
