ന്യൂഡല്‍ഹി: ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കുന്നതിലെ ഔദ്യോഗിക ക്രമത്തിലും ചട്ടങ്ങളിലും കൃത്യത വരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കി. രാജ്ഭവനുകളിലെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെയും ജനഗണമനയുടെയും കൃത്യമായ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു.
പുതിയ മാര്‍ഗ്ഗരേഖ അനുസരിച്ച്, ഏതെങ്കിലും ഔദ്യോഗിക പരിപാടിയില്‍ ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുകയാണെങ്കില്‍ ആദ്യം വന്ദേമാതരവും അതിനുശേഷം ജനഗണമനയുമാണ് അവതരിപ്പിക്കേണ്ടത്. മൂന്ന് മിനിറ്റും 10 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വന്ദേമാതരത്തിന്റെ ആറു ഖണ്ഡങ്ങളും പൂര്‍ണ്ണമായി ആലപിക്കണം. ഇതിനുശേഷമാണ് 52 സെക്കന്‍ഡ് നീളുന്ന ദേശീയഗാനം ആലപിക്കേണ്ടത്.
സംസ്ഥാന ഗീതങ്ങള്‍ ആലപിക്കുന്ന പതിവുള്ള സംസ്ഥാനങ്ങളില്‍, സംസ്ഥാനഗീതമാണ് ആദ്യം നിര്‍വ്വഹിക്കേണ്ടത്. അതിനുശേഷമേ ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനും സ്ഥാനമുള്ളൂ. രാഷ്ട്രപതിയും ഗവര്‍ണര്‍മാരും പങ്കെടുക്കുന്ന ചടങ്ങുകള്‍, സിവില്‍-സൈനിക ബഹുമതി സമര്‍പ്പണം, പതാക ഉയര്‍ത്തല്‍, പരേഡുകള്‍, സ്‌കൂള്‍ അസംബ്ലികള്‍ എന്നിവയിലെല്ലാം ഈ പുതിയ മുന്‍ഗണനാക്രമം ബാധകമാണ്. വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ആദ്യം ബന്ധപ്പെട്ട വിദേശരാജ്യത്തിന്റെ ദേശീയഗാനവും തുടര്‍ന്ന് ഇന്ത്യയുടെ ദേശീയഗാനവുമാണ് ആലപിക്കേണ്ടത്.
അതേസമയം സന്ദര്‍ഭത്തിനനുസരിച്ച് ഔദ്യോഗിക വിരുന്നുകളില്‍ ജനഗണമനയുടെ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വപതിപ്പ് ഉപയോഗിക്കാവുന്നതാണ്. ആലാപന സമയത്ത് ഉച്ചാരണ ശുദ്ധിയും വരികളുടെ കൃത്യതയും ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം പ്രത്യേകം വ്യക്തമാക്കുന്നു. സദസ്യര്‍ ഈ സമയത്ത് പൂര്‍ണ്ണ ശ്രദ്ധയോടെ എഴുന്നേറ്റ് നില്‍ക്കണമെന്നാണ് നിയമമെങ്കിലും, സിനിമാ പ്രദര്‍ശനങ്ങള്‍, ന്യൂസ് റീലുകള്‍, ഡോക്യുമെന്ററികള്‍ എന്നിവയില്‍ ഇവ ഉള്‍പ്പെടുത്തുമ്പോള്‍ കാണികള്‍ എഴുന്നേല്‍ക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
