ന്യൂഡല്‍ഹി: വാട്സാപ്പ്, ടെലിഗ്രാം എന്നിവ അടക്കമുള്ള മെസേജിങ് പ്ലാറ്റ്ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ സിം-ബൈന്‍ഡിങ് ചട്ടം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിച്ചേക്കും എന്ന് റിപ്പോർട്ട്. കമ്പനികളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സമയപരിധി ഡിസംബര്‍ അവസാനം വരെ നീട്ടിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
സിം-ബൈന്‍ഡിങ് ചട്ടപ്രകാരം, മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്ന ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് അതേ ഡിവൈസില്‍ സജീവമായി ഉണ്ടായിരിക്കണം. ഉപയോക്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പ്, ആക്ടീവ് സിം കാര്‍ഡുമായി നേരിട്ട് ബന്ധിപ്പിക്കണമെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നിര്‍ദേശം.
നിലവില്‍ ഒടിപി സ്ഥിരീകരണത്തിലൂടെയാണ് ഉപയോക്തൃ തിരിച്ചറിയല്‍ നടക്കുന്നത്. എന്നാല്‍ പിന്നീട് സിം നീക്കിയാലും ആപ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി സര്‍ക്കാര്‍ വിലയിരുത്തുന്നു. പ്രത്യേകിച്ച് ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള തട്ടിപ്പുകള്‍ തടയുന്നതിനാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്.
പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നാല്‍, രജിസ്റ്റര്‍ ചെയ്ത സിം ഡിവൈസില്‍ ഇല്ലാത്ത പക്ഷം ആപ്പുകള്‍ പ്രവര്‍ത്തിക്കില്ല. കൂടാതെ വെബ് വേര്‍ഷന്‍ ഉപയോഗിക്കാനും നിയന്ത്രണങ്ങള്‍ ഉണ്ടാകാം. നിലവില്‍ ക്യുആര്‍ കോഡ് അല്ലെങ്കില്‍ ഒടിപി വഴി വെബ് പതിപ്പുകള്‍ ഉപയോഗിക്കുന്ന സൗകര്യവും ഈ ചട്ടം വന്നാല്‍ ബാധിക്കപ്പെടും.
ചട്ടം പാലിക്കാത്ത പക്ഷം ടെലികോം, സൈബര്‍ സുരക്ഷാ നിയമങ്ങള്‍ പ്രകാരം കമ്പനികള്‍ക്ക് നടപടി നേരിടേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
