ചെന്നൈ: തമിഴ് സിനിമാ മേഖലയ്ക്ക് വലിയ ആശ്വാസമായി സംസ്ഥാന സർക്കാർ പുതിയ തീരുമാനം പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ തിയറ്ററുകളിൽ ദിവസേന അഞ്ച് പ്രദർശനങ്ങൾ നടത്താൻ അനുമതി നൽകുന്ന ഉത്തരവാണ് പുറത്തിറങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഇതുവരെ ഒരു ദിവസം നാല് ഷോകൾ മാത്രമാണ് തിയറ്ററുകൾക്ക് നടത്താനായിരുന്നത്. പ്രത്യേക ആഘോഷ ദിവസങ്ങളിലോ പൊതു അവധികളിലോ അധിക ഷോ നടത്തണമെങ്കിൽ നിർമാതാക്കൾ സർക്കാർ അനുമതി തേടേണ്ട സാഹചര്യമുണ്ടായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം ചില നിബന്ധനകളോടെയാണ് അഞ്ചാം ഷോ അനുവദിച്ചിരിക്കുന്നത്. പുതിയ സിനിമ റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിലും, പ്രാദേശിക ഉത്സവ ദിവസങ്ങളിലും, പൊതു അവധി ദിനങ്ങളിലുമാണ് അധിക പ്രദർശനം നടത്താൻ അനുമതി ലഭിക്കുക.
ഇതിന് മുമ്പ് വലിയ ബജറ്റിലുള്ള സിനിമകൾക്ക് മാത്രം നിർമാതാക്കളുടെ അപേക്ഷ പരിഗണിച്ച് രണ്ടോ മൂന്നോ ദിവസത്തേക്ക് അധിക ഷോ അനുവദിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.
അതേസമയം, സൂപ്പർതാര ചിത്രങ്ങളുടെ റിലീസ് സമയത്ത് പുലർച്ചെ ഫാൻസ് ഷോകൾക്കും വീണ്ടും അനുമതി നൽകണമെന്ന് സിനിമാപ്രേമികളിൽ ചിലർ ആവശ്യപ്പെടുന്നുണ്ട്. മുമ്പ് അർധരാത്രിയിലും പുലർച്ചെയുമായി പ്രത്യേക ഷോകൾ നടന്നിരുന്നെങ്കിലും, ഇപ്പോൾ റിലീസ് ദിനത്തിലെ ആദ്യ പ്രദർശനം രാവിലെ 9 മണിക്കാണ് ആരംഭിക്കുന്നത്.
2023ൽ അജിത് കുമാർ ചിത്രം ‘തുനിവ്’ റിലീസ് ചെയ്ത സമയത്ത് പുലർച്ചെ നടന്ന ആരാധക ആഘോഷത്തിനിടെ ഒരാൾ മരിച്ച സംഭവത്തിന് പിന്നാലെയായിരുന്നു ഡിഎംകെ സർക്കാർ നേരത്തെയുള്ള ഫാൻസ് ഷോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
