വിദേശ യാത്രകള്‍ നടത്തുന്നവര്‍ക്ക് മേല്‍ സെസ്; മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

MAY 15, 2026, 8:07 PM

ന്യൂഡല്‍ഹി: വിദേശ യാത്രകള്‍ നടത്തുന്നവര്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നികുതിയോ സെസോ ഏര്‍പ്പെടുത്തുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്തകളില്‍ 'സത്യത്തിന്റെ കണിക പോലുമില്ലെന്ന്' വ്യക്തമാക്കിയ പ്രധാനമന്ത്രി, ജനങ്ങളുടെ ജീവിതം കൂടുതല്‍ ലളിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള പ്രതികരണത്തിന് പിന്നാലെ, തങ്ങള്‍ നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് സമ്മതിച്ച് പ്രമുഖ സാമ്പത്തിക വാര്‍ത്താ ചാനലായ CNBC-TV18 പരസ്യമായി ക്ഷമാപണം നടത്തുകയും വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയും ഇറക്കുമതി ചെലവും കുത്തനെ ഉയര്‍ന്നിരുന്നു. ഈ സാമ്പത്തിക സമ്മര്‍ദ്ദം മറികടക്കാന്‍ വിദേശയാത്രകള്‍ക്ക് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി സെസോ സര്‍ചാര്‍ജ്ജോ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉന്നതതലത്തില്‍ ആലോചിക്കുന്നുണ്ടെന്നായിരുന്നു സിഎന്‍ബിസി-ടിവി18 തങ്ങളുടെ സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയത്.

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി അനാവശ്യ വിദേശ യാത്രകളും ആഡംബര വിവാഹങ്ങളും ഒഴിവാക്കണമെന്നും ആഭ്യന്തര ടൂറിസത്തിന് മുന്‍ഗണന നല്‍കണമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നികുതി ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചത്. സാധാരണയായി മാധ്യമ റിപ്പോര്‍ട്ടുകളോട് നേരിട്ട് പ്രതികരിക്കാത്ത പ്രധാനമന്ത്രി, ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. സിഎന്‍ബിസിയുടെ വാര്‍ത്താ ലിങ്ക് പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു:

'ഇത് തികച്ചും വ്യാജമാണ്. ഇതില്‍ സത്യത്തിന്റെ ഒരു കണിക പോലുമില്ല. വിദേശ യാത്രകള്‍ക്ക് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. ജനങ്ങള്‍ക്ക് 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസും' 'ഈസ് ഓഫ് ലിവിംഗും' ഉറപ്പാക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.'- എന്നായിരുന്നു കുറിപ്പ്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതികരണം വന്ന് മിനിറ്റുകള്‍ക്കകം തന്നെ സിഎന്‍ബിസി-ടിവി18 വാര്‍ത്ത തിരുത്തി രംഗത്തെത്തി. എക്‌സിലൂടെയായിരുന്നു ചാനലിന്റെ പ്രതികരണം:

'വിദേശയാത്രയ്ക്ക് നികുതി/സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന ഞങ്ങളുടെ വാര്‍ത്ത കൃത്യമല്ല. ഞങ്ങള്‍ ആ വാര്‍ത്ത പിന്‍വലിക്കുകയും ഈ തെറ്റില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുകയും ചെയ്യുന്നു.'

പ്രധാനമന്ത്രിയുടെ ഈ ദ്രുതഗതിയിലുള്ള ഇടപെടല്‍ രാജ്യത്തെ ട്രാവല്‍, ടൂറിസം മേഖലകള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. വിദേശ യാത്രകള്‍ക്ക് നിയന്ത്രണം വരുമെന്ന ഭീതി പരന്നതോടെ വേനല്‍ക്കാല അന്താരാഷ്ട്ര ട്രാവല്‍ ബുക്കിംഗുകളില്‍ 10 മുതല്‍ 15 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയതായി ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് വിശദീകരണം നല്‍കിയതോടെ ഈ രംഗത്തെ ആശങ്കകള്‍ക്ക് വിരാമമായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam