ചെന്നൈ∙ പുതുച്ചേരിയിൽ 9 വയസ്സുകാരിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
നേരത്തേ അറസ്റ്റിലായ രണ്ടുപേർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള 6 വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. 5 പേർ കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യംചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രദേശവാസികളായ കരുണാസ് (19), വിവേകാനന്ദൻ (59) എന്നിവരാണു പിടിയിലായത്. വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കരുണാസാണ് സുഹൃത്തായ വിവേകാനന്ദന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു. ഇവിടെ വച്ചു സുഹൃത്തുക്കൾ ഉൾപ്പെടെ കുട്ടിയെ പീഡിപ്പിച്ചു. ബോധരഹിതയായതോടെ കുട്ടിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഓടയിൽ തള്ളുകയായിരുന്നു.
ഇന്നലെ വിവേകാനന്ദൻ്റെ വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അറസ്റ്റിലായ 2 പ്രതികളുടെയും കസ്റ്റഡിയിലുള്ള 5 പേരുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്കായി ജിപ്മർ ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെയുള്ളവരെ റിസർവ് ബറ്റാലിയനിലേക്ക് മാറ്റി മുഖ്യമന്ത്രി എൻ.രംഗസ്വാമി ഉത്തരവിറക്കി. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്