ദില്ലി: പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷം ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ വ്യക്തമാക്കി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി ശക്തമായ സന്ദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാഴ്ചയായി തുടരുന്ന സംഘർഷം ലോകസാമ്പത്തിക വ്യവസ്ഥയെയും സാധാരണ ജനങ്ങളെയും ബാധിക്കുന്നതായി മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കും ഇതിലൂടെ അപ്രതീക്ഷിത വെല്ലുവിളികൾ നേരിടേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയുമായി ഇന്ത്യക്ക് ശക്തമായ വ്യാപാരബന്ധമുണ്ടെന്നും, ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിൽ വലിയൊരു പങ്ക് ഈ മേഖലയിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷ പ്രദേശങ്ങളിൽ ഏകദേശം ഒരു കോടി ഇന്ത്യക്കാരുണ്ടെന്നും, കപ്പലുകളിലും നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും, ഇതിനകം 3.75 ലക്ഷം പേർ സുരക്ഷിതമായി നാട്ടിലെത്തിച്ചതായും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്നും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ ഇന്ധന ഗതാഗതത്തിൽ തടസ്സങ്ങൾ നേരിടുന്നുവെന്നും, രാജ്യത്തിന്റെ 60% എൽപിജി ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ ആഭ്യന്തര ഉപഭോഗത്തിന് മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പെട്രോൾ-ഡീസൽ വിതരണത്തിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മുൻപ് 27 രാജ്യങ്ങളിൽ നിന്നുണ്ടായിരുന്ന ഇറക്കുമതി ഇപ്പോൾ 41 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതായും, കൂടുതൽ വിതരണക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
