കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ വിനോദസഞ്ചാരികളെ ബോധപൂർവ്വം അസുഖബാധിതരാക്കി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. സഞ്ചാരികളുടെ ഭക്ഷണത്തിൽ രഹസ്യമായി വിഷം കലർത്തിയാണ് ഈ തട്ടിപ്പ് നടത്തുന്നതെന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്.
കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് പ്രകാരം ഏകദേശം 20 മില്യൺ ഡോളർ (ഏകദേശം 167 കോടി രൂപ)യുടെ ഇൻഷുറൻസ് തട്ടിപ്പാണ് നടന്നത്. ട്രെക്കിംഗ് കമ്പനികളുടമകൾ ഉൾപ്പെടെ 32 പേർക്കെതിരെ നേപ്പാൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇൻഷുറൻസ് തട്ടിപ്പിനായി ഗൈഡുകൾ സഞ്ചാരികളുടെ ഭക്ഷണത്തിൽ ബേക്കിംഗ് സോഡ കലർത്തി അസുഖം വരുത്തുന്നുവെന്നാണ് ആരോപണം. ഇതുവഴി ദഹനപ്രശ്നങ്ങളും വയറുവേദനയും ഉണ്ടാകുമ്പോൾ അത് ഉയർന്ന പ്രദേശങ്ങളിൽ ഉണ്ടാകുന്ന ആൾട്ടിറ്റ്യൂഡ് സിക്ക്നസ് ആയി തെറ്റിദ്ധരിപ്പിച്ച് ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം നടത്തുകയും വലിയ തുക ഈടാക്കുകയും ചെയ്യുകയായിരുന്നു.
ട്രെക്കിംഗ് ഏജൻസി ഉടമകൾ, ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ, ആശുപത്രി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 32 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. വ്യാജ മെഡിക്കൽ രേഖകളും ഫ്ലൈറ്റ് രേഖകളും തയ്യാറാക്കി അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പണം തട്ടിയെടുത്തതായും കണ്ടെത്തി.
ജനുവരി മുതൽ നടന്ന അന്വേഷണത്തിൽ മൂന്ന് പ്രധാന മൗണ്ടൻ റെസ്ക്യൂ കമ്പനികളിലെ ആറു പേർ അറസ്റ്റിലായി. ഒരു കമ്പനി നടത്തിയ 1248 രക്ഷാപ്രവർത്തനങ്ങളിൽ 171 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി.
ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചതിനെ തുടർന്ന് നിരവധി അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ നേപ്പാളിലേക്കുള്ള ട്രെക്കിംഗ് യാത്രകൾക്ക് ഇൻഷുറൻസ് നൽകുന്നത് നിർത്തിവെച്ചിട്ടുണ്ട്. നേപ്പാളിലെ ടൂറിസം മേഖലയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി ഇത് മാറിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
