മാവോവാദി കോട്ടകളില്‍ വന്‍ വിള്ളല്‍; 'ഓപ്പറേഷന്‍ നവജീവനില്‍' ആയുധം വെച്ച് കീഴടങ്ങി 27 സായുധ കേഡര്‍മാര്‍

MAY 21, 2026, 7:30 AM

റാഞ്ചി: ഝാര്‍ഖണ്ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാവോവാദി വിരുദ്ധ മുന്നേറ്റങ്ങളിലൊന്നില്‍ 27 സായുധ കേഡര്‍മാര്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ ഒരേസമയം കീഴടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ കീഴടങ്ങല്‍-പുനരധിവാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 'ഓപ്പറേഷന്‍ നവജീവന്‍' പദ്ധതിക്ക് കീഴിലാണ് ഈ ചരിത്രപരമായ കീഴടങ്ങല്‍.

നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെയും, ഗുംല ജില്ലയില്‍ സജീവമായ ഝാര്‍ഖണ്ഡ് ജന്‍ മുക്തി പരിഷത്തിന്റെയും പ്രമുഖ നേതാക്കളും കമാന്‍ഡര്‍മാരുമാണ് ആയുധം വെച്ച് കീഴടങ്ങിയത്. ഝാര്‍ഖണ്ഡ് ഡി.ജി.പി തദ്ദാശ മിശ്ര, സി.ആര്‍.പി.എഫ് ഐ.ജി സാകേത് സിങ്, ഐ.ജി (ഓപ്പറേഷന്‍സ്) നരേന്ദ്ര കുമാര്‍ സിങ് എന്നിവരുടെ സാന്നിധ്യത്തില്‍ റാഞ്ചിയിലെ ധുര്‍വയിലുള്ള പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു കീഴടങ്ങല്‍.

വന്‍ ആയുധശേഖരം പിടിച്ചെടുത്തു. കീഴടങ്ങിയവരില്‍ ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ള മാവോവാദി പോളിറ്റ് ബ്യൂറോ അംഗം മിസിര്‍ ബെസ്ര (സാഗര്‍ ജി), പ്രമുഖ നേതാവ് അസിം മണ്ഡല്‍ എന്നിവരുടെ സ്‌ക്വാഡിലെ പ്രധാനികളാണുള്ളത്. 123 കേസുകളില്‍ പ്രതിയായ സബ് സോണല്‍ കമാന്‍ഡര്‍ സാഗന്‍ ആംഗറിയ (ദോകോള്‍), 48 കേസുകളില്‍ പ്രതിയായ ഗാഡി മുണ്ട (ഗുല്‍ഷന്‍) എന്നിവരടക്കം 5 ലക്ഷം രൂപ വീതം വിലയിട്ടിരുന്ന 5 മുതിര്‍ന്ന കമാന്‍ഡര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.

കീഴടങ്ങിയ സംഘത്തില്‍ നിന്നായി 5 ഇന്‍സാസ് റൈഫിളുകള്‍, 9 എസ്.എല്‍.ആര്‍ റൈഫിളുകള്‍ ഉള്‍പ്പെടെ 17 അത്യാധുനിക തോക്കുകളും 2,987 റൗണ്ട് വെടിയുണ്ടകളും സുരക്ഷാസേന കണ്ടെടുത്തു. കീഴടങ്ങിയവരില്‍ സംഘടനയുടെ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി അംഗങ്ങള്‍, 6 പേര്‍ ഏരിയ കമ്മിറ്റി അംഗങ്ങള്‍, 6 പേര്‍ സായുധ സ്‌ക്വാഡ് അംഗങ്ങള്‍, 13 പേര്‍ ജെ.ജെ.എം.പി അംഗങ്ങള്‍, 2 പേര്‍ (ഒരു സോണല്‍ കമ്മിറ്റി അംഗവും ഒരു ഏരിയ കമ്മിറ്റി അംഗവും) ഇതില്‍ ഉള്‍പ്പെടുന്നു.

ഉള്‍പ്പാര്‍ട്ടി ചൂഷണവും സുരക്ഷാ സമ്മര്‍ദ്ദവും കോള്‍ഹാന്‍, സാരന്ദ വന മേഖലകളില്‍ ദശാബ്ദങ്ങളായി സജീവമായിരുന്ന ഇവര്‍ പശ്ചിമ സിങ്ഭൂം പരിസര ജില്ലകളില്‍ ശക്തമായ സ്വാധീനമുള്ളവരായിരുന്നു. എന്നാല്‍ സംഘടനയ്ക്കുള്ളിലെ കടുത്ത ആഭ്യന്തര ചൂഷണം, വികസന പദ്ധതികളോടുള്ള ആഭിമുഖ്യം, ഒപ്പം ഝാര്‍ഖണ്ഡ് പൊലീസ്, സി.ആര്‍.പി.എഫിന്റെ കോബ്രാ ബറ്റാലിയന്‍, ഝാര്‍ഖണ്ഡ് ജാഗ്വാര്‍ സേന എന്നിവര്‍ സംയുക്തമായി നടത്തുന്ന ശക്തമായ സൈനിക നീക്കങ്ങളുമാണ് ഇവരെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്.

സംഘടനയ്ക്കുള്ളിലെ വിവേചനത്തിലും ചൂഷണത്തിലും മനംമടുത്താണ് പലരും മുഖ്യധാരയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. കീഴടങ്ങിയ എല്ലാവര്‍ക്കും സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരമുള്ള പൂര്‍ണ്ണ പിന്തുണയും ആനുകൂല്യങ്ങളും ഉറപ്പാക്കും.

മാവോവാദി സ്വാധീനം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സാരന്ദ വനമേഖലയില്‍ മാത്രം 21 പുതിയ അഡ്വാന്‍സ്ഡ് ക്യാമ്പുകളും ഫോര്‍വേഡ് ഓപ്പറേറ്റിംഗ് ബേസുകളും സുരക്ഷാസേന സ്ഥാപിച്ചിട്ടുണ്ട്. വനമേഖലയില്‍ ഇനി 16-ഓളം കേഡര്‍മാര്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും അവരും അക്രമത്തിന്റെ പാത വെടിഞ്ഞ് മുഖ്യധാരയിലേക്ക് വരണമെന്നും ചൈബാസ എസ്.പി അമിത് രേണു അഭ്യര്‍ത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam