ദൈവത്തിന് വിവേചനമില്ല: ജാതിയോ മതമോ ഉപയോഗിച്ച് വിശ്വാസത്തെ വേലികെട്ടി നിര്‍ത്താനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

NOVEMBER 8, 2025, 7:28 PM

ചെന്നൈ: ദൈവത്തിന് വിവേചനമില്ലെന്നും ജാതിയോ മതമോ ഉപയോഗിച്ച് വിശ്വാസത്തെ വേലികെട്ടി നിര്‍ത്താനും മുന്‍വിധികൊണ്ട് ദൈവികതയെ പരിമിതപ്പെടുത്താനും സാധിക്കില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. കാഞ്ചീപുരത്തെ ഗ്രാമത്തില്‍ ദളിത് കോളനിയിലൂടെ ക്ഷേത്രരഥം എഴുന്നെള്ളിക്കാനുള്ള നടപടിയെടുക്കാന്‍ ജില്ലാഭരണകൂടത്തോട് ഉത്തരവിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കാഞ്ചീപുരം പുത്തഗ്രാം പ്രദേശത്തെ ദളിത് വിഭാഗത്തില്‍പ്പെട്ട സെല്‍വരാജ്, തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി ജില്ലാ സെക്രട്ടറി ആനന്ദന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിശ്വാസത്തെ ഹനിക്കാന്‍ സാധിക്കില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം തൊട്ടുകൂടായ്മ നിര്‍ത്തലാക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ആര്‍ക്കൊക്കെയാണ് ദൈവത്തിന് മുന്നില്‍ നില്‍ക്കാനും ആരാധിക്കാനും അര്‍ഹതയുള്ളതെന്നും ഇല്ലാത്തതെന്നുമൊക്കെയുള്ള നിബന്ധനകള്‍ നിര്‍ദേശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ജസ്റ്റിസ് ബാലാജിയുടെ ബെഞ്ച് വ്യക്തമാക്കി.

ദൈവത്തെ ആരാധിക്കുന്നതില്‍ യാതൊരു വിവേചനവും നടത്തുന്നില്ല എന്ന് ഉറപ്പാക്കാനും മുത്തുക്കാളിയമ്മന്‍ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കാനും കാഞ്ചീപുരം ജില്ലാ ഭരണകൂടത്തോടും ദേവസ്വംവകുപ്പിനോടും കോടതി ഉത്തരവിട്ടു. രഥം ദളിത് കോളനിയിലൂടെ എഴുന്നള്ളിക്കാന്‍ സൗകര്യം ഒരുക്കണം. ക്ഷേത്രത്തില്‍ ദളിതര്‍ ആരാധന നടത്തുന്നത് ഇതര ജാതിക്കാര്‍ തടയുന്നതിനെതിരെ അഭിഭാഷകരായ കുമാരസ്വാമിയും തിരുമൂര്‍ത്തിയും ശക്തമായി എതിര്‍ത്തു.

എന്നാല്‍ ഇതര ജാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കാര്‍ത്തികേയന്‍ രഥഘോഷയാത്രയുടെ റൂട്ട് മാറ്റാനാവില്ലെന്നും പതിറ്റാണ്ടുകളായുള്ള ആചാരം ലംഘിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. 'ദൈവം ചില തെരുവുകളില്‍ മാത്രം വസിക്കുന്നില്ല. ഒരിക്കലും ആരോടും വിവേചനവും കാണിക്കുന്നില്ല. അതിനാല്‍ പാരമ്പര്യത്തിന്റെ പവിത്രതയില്‍ ഇതിനെ പൊതിഞ്ഞു നിര്‍ത്താന്‍ കഴിയില്ല'എന്നായിരുന്നു കോടതിയുടെ ഉത്തരവ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam