ബെംഗളൂരു: നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍, അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് 18 നിലകളുള്ള ആഡംബര ഫ്‌ലാറ്റ് സമുച്ചയം സ്വയം പൊളിച്ചുപണിയാന്‍ ഒരുങ്ങി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി. ദക്ഷിണ ബെംഗളൂരുവിലെ ഹൊസൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് പരിശോധനയ്ക്കിടെ ചെറിയ ചരിവ് കണ്ടെത്തിയത്. ഇതോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച് കേവലം മൂന്ന് മാസത്തിനകം കെട്ടിടം സ്വമേധയാ പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കാന്‍ കമ്പനി തീരുമാനിച്ചത്.
ആകെ 15 ടവറുകളിലായി 970 അപ്പാര്‍ട്‌മെന്റുകള്‍ അടങ്ങുന്ന ബൃഹത്തായ പദ്ധതിയാണിത്. ഇതില്‍ ഒരു ടവറിലാണ് നിര്‍മാണ ഘടനയില്‍ നേരിയ ചരിവ് കണ്ടത്തിയത്. ഒന്ന് മുതല്‍ അഞ്ച് കോടി രൂപ വരെ മൂല്യമുള്ള അപ്പാര്‍ട്‌മെന്റുകളാണ് ഈ ടവറിലുള്ളത്. അപകട സാധ്യത മുന്നില്‍ കണ്ട് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് കെട്ടിടം പൂര്‍ണ്ണമായി പൊളിച്ചുമാറ്റാന്‍ ഉടമകള്‍ തീരുമാനിച്ചത്.
കെട്ടിടം പൊളിച്ചുമാറ്റാനുള്ള അനുമതി തേടി നിര്‍മാതാക്കള്‍ സമീപിച്ചതായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മിഷനര്‍ എം. മഹേശ്വര റാവു സ്ഥിരീകരിച്ചു. ടവര്‍ പൊളിച്ചുമാറ്റി അതേ സ്ഥാനത്ത് വീണ്ടും പുതിയ കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്കായി ജിബിഎയ്ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് കമ്പനി. പരിശോധനകള്‍ക്ക് ശേഷം ഉടന്‍ തന്നെ അനുമതി നല്‍കുമെന്നാണ് സൂചന. ഈ ടവറിലെ 49 ഫ്‌ലാറ്റുകള്‍ ഇതിനകം തന്നെ ആളുകള്‍ വാങ്ങിക്കഴിഞ്ഞിരുന്നു. ഇവര്‍ക്കായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും അല്ലെങ്കില്‍ കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്നും കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. താമസക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ കെട്ടിടം പൊളിച്ചുമാറ്റുന്നതാണ് ഉചിതമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
തീരദേശ നിയമലംഘനവും കെട്ടിട നിര്‍മാണ മാനദണ്ഡങ്ങളുടെ ലംഘനവും കാരണം മുന്‍പ് കൊച്ചിയിലും നോയിഡയിലും വന്‍കിട ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ അധികൃതര്‍ ഇടപെട്ട് പൊളിച്ചുനീക്കിയിട്ടുണ്ട്. എന്നാല്‍ നിര്‍മാണത്തിലെ അപാകത സ്വയം കണ്ടെത്തി, ഒരു നിര്‍മാണ കമ്പനി തന്നെ കോടികള്‍ വിലമതിക്കുന്ന കെട്ടിടം പൊളിച്ചുപണിയാന്‍ അനുമതി തേടുന്നത് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തന്നെ ആദ്യത്തെ സംഭവമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
