ശ്രീനഗര്‍: ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ രംഗത്ത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ പരമാധികാരമുള്ളതാണെന്നും അതില്‍ ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കി.
പാകിസ്ഥാന്റെ പ്രതികരണം തികച്ചും അനാവശ്യവും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റവുമാണെന്ന് അസോസിയേഷന്‍ നാഷണല്‍ കണ്‍വീനര്‍ നാസിര്‍ ഖുഹാമി പ്രസ്താവനയില്‍ പറഞ്ഞു. ഇത് പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. ഇന്ത്യന്‍ സര്‍വ്വകലാശാലകളിലോ ജനാധിപത്യ സ്ഥാപനങ്ങളിലോ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാമിയ മിലിയ കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനമല്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കേന്ദ്രമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. സര്‍വ്വകലാശാലയിലെ സംഭവങ്ങളെ അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അത്തരം സംവാദങ്ങളും വിയോജിപ്പുകളും ഒരു ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഭാഗമാണ്. ഇവ രാഷ്ട്രീയമായും ഭരണഘടനാപരമായും പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് അറിയാമെന്നും ഖുഹാമി കൂട്ടിചേര്‍ത്തു.
അവകാശങ്ങളെക്കുറിച്ചോ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചോ അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ക്ലാസുകള്‍ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്ന് സംഘടനയുടെ ജാമിയ യൂണിറ്റ് പ്രസിഡന്റ് ഷെരീഫ് ഖാന്‍ പറഞ്ഞു. ഇന്ത്യയില്‍ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും സജീവമായ സിവില്‍ സൊസൈറ്റിയും ഉണ്ടെന്നും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഇവിടെ കൃത്യമായ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിദേശ രാജ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുതിരുന്നതിന് മുന്‍പ് പാകിസ്ഥാന്‍ സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ജെ.കെ.എസ്.എ ഓര്‍മ്മപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
