ന്യൂഡല്‍ഹി: കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും നീറ്റ് പുനപരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ബിഹാറിലും ഉത്തര്‍പ്രദേശിലുമായി നടന്ന തട്ടിപ്പുകളില്‍ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരു വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ബിഹാറിലെ ലഖിസാരായിലാണ് പരീക്ഷയില്‍ വലിയ രീതിയിലുള്ള ആള്‍മാറാട്ടം കണ്ടെത്തിയത്. യഥാര്‍ത്ഥ അപേക്ഷകര്‍ക്ക് പകരം പണം വാങ്ങി മറ്റ് ആളുകളെ ഇരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നു ഈ സംഘത്തിന്റെ രീതി. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ തട്ടിപ്പ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 12 പേരെ പൊലീസ് നിലവില്‍ ചോദ്യം ചെയ്തുവരികയാണ്.
ഉത്തര്‍പ്രദേശില്‍ പരീക്ഷാ ഹാളിനുള്ളില്‍ ഹൈടെക് കോപ്പിയടിക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെയാണ് പൊലീസ് പിടികൂടിയത്. ബല്ലിയ സ്വദേശിയായ പ്രിന്‍സ് ദുബെ എന്ന വിദ്യാര്‍ത്ഥിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സിം കാര്‍ഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
പരീക്ഷയില്‍ ചിലയിടങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പരീക്ഷാ മൂല്യനിര്‍ണയ നടപടികളുമായി ദേശീയ പരീക്ഷാ ഏജന്‍സി മുന്നോട്ട് പോവുകയാണ്. ഈ മാസം അവസാനത്തോടെ തന്നെ പുനപരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനാണ് എന്‍ടിഎ ലക്ഷ്യമിടുന്നത്.
നീറ്റ് പുനപരീക്ഷ പൂര്‍ണ്ണമായും കുറ്റമറ്റതാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളും ടെലിഗ്രാം നിരോധനവും ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കിലും, പ്രാദേശിക തലത്തില്‍ ശക്തമായ പരിശോധനകളിലൂടെയാണ് ഈ തട്ടിപ്പുകള്‍ പൊലീസ് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
