ഡൽഹി: യുക്രെയ്ൻ തീരത്തിന് സമീപം പോർച്ചുഗീസ് ചരക്കുകപ്പലിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നാവികനെ കാണാതായ സംഭവത്തിൽ കുടുംബം അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു രംഗത്ത്. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഝാൻജ്ര ബാസ് സ്വദേശിയായ ദീപക് ദുഡ്ഡി (20)യെയാണ് ജൂലൈ 2 മുതൽ കാണാതായത്.
ഡ്യൂട്ടിക്കിടെ ഒഡെസയ്ക്ക് സമീപം ദീപക്കിനെ കാണാതായതായി കപ്പലിന്റെ നടത്തിപ്പ് ചുമതലയുള്ള തുർക്കി കമ്പനി ഇ-മെയിൽ വഴി കുടുംബത്തെ അറിയിച്ചു. കപ്പലിൽ നിന്ന് കടലിലേക്ക് വീണിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 5-നാണ് കുടുംബത്തിന് ഇ-മെയിൽ ലഭിച്ചത്. പിന്നാലെ ഫോൺവിളിയിലൂടെയും വിവരം അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
കാണാതാകുന്നതിന് ഏകദേശം ഒന്നര മണിക്കൂർ മുമ്പ് ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്ന് കുടുംബം അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെട്ട് സംഭവത്തിന്റെ യഥാർഥ സാഹചര്യം വ്യക്തമാക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
ദീപക്കിനെ കണ്ടെത്താൻ തെരച്ചിൽ നടത്തിയെങ്കിലും രാത്രി ആയതോടെ അത് അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചുവെന്ന് കുടുംബം പറയുന്നു. പിന്നീട് കൂടുതൽ വിവരങ്ങൾ തേടി പലതവണ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിശദീകരണം ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.
ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമായിരുന്നു ദീപക്കെന്നും ബന്ധുക്കൾ വ്യക്തമാക്കി.
സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം ഭിവാനി–മഹേന്ദ്രഗഡ് മണ്ഡലം എംപി ധരംബീർ സിങ്ങിനെ സമീപിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ, യുക്രെയ്നിലെ ഇന്ത്യൻ എംബസിയുമായി ഏകോപനം നടത്തി തെരച്ചിൽ ശക്തമാക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക, സിസിടിവി ദൃശ്യങ്ങൾ, യാത്രാ രേഖകൾ, കപ്പലിലെ ജീവനക്കാരുടെ മൊഴികൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ സംരക്ഷിക്കുക, അന്വേഷണ പുരോഗതി കുടുംബത്തെ കൃത്യമായി അറിയിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ടുവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
