ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെച്ചൊല്ലി യുഎസും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ വിമര്‍ശിക്കുന്നതില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയപ്പോഴാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടങ്ങിയത്. അന്നുതൊട്ട് യുഎസും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ഉന്നംവെയ്ക്കുന്നുവെന്ന് പത്രക്കുറിപ്പിലൂടെ ഇന്ത്യ വിശദീകരിച്ചു.
ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പരമ്പരാഗത ഇറക്കുമതി മാര്‍ഗങ്ങള്‍ തടയപ്പെട്ടതോടെയാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടങ്ങിയത്. അക്കാലത്ത് യുഎസ് അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. എണ്ണയുടെ ആഗോള വിപണി ശക്തമാക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
'ആഗോളസാഹചര്യം ഇന്ത്യയെ അതിന് നിര്‍ബന്ധിക്കുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന പല രാജ്യങ്ങളും റഷ്യയുമായി എണ്ണയിടപാട് നടത്തിയിരുന്നു. യുഎസ് യുറേനിയവും വൈദ്യുതവാഹനങ്ങള്‍ക്കുവേണ്ട ഘടകങ്ങളും പ്രത്യേക രാസവസ്തുക്കളും വളങ്ങളും റഷ്യയില്‍ നിന്ന് വാങ്ങുന്നുണ്ട്. യൂറോപ്പ്-റഷ്യ വ്യാപാരത്തില്‍ ഊര്‍ജ്ജം മാത്രമല്ല, വളങ്ങള്‍, ഖനന ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇരുമ്പും ഉരുക്കും, യന്ത്രസാമഗ്രികളും ഗതാഗത ഉപകരണങ്ങളും ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് നീതീകരിക്കാനാകില്ല. മറ്റു പ്രധാന സാമ്പത്തികശക്തികളെപ്പോലെ ഇന്ത്യക്കും രാജ്യതാത്പര്യങ്ങളും സാമ്പത്തിക സുരക്ഷിതത്വവും പരിഗണിക്കേണ്ടതുണ്ട്'' -പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ, ഇന്ത്യയ്ക്കുനേരെ വീണ്ടും തീരുവഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
