മുംബൈ: ദേശീയ മാധ്യമങ്ങൾ ഏറെ ശ്രദ്ധകേന്ദ്രീകരിച്ച വാർത്തയായിരുന്നു നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ നടന്ന മോഷണവും പിന്നാലെ നടന് നേരെയുണ്ടായ അക്രമവും.
സെയ്ഫിനെ ആക്രമിച്ച പ്രതിയെന്നു സംശയിച്ചു മുംബൈ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത് ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനെയായിരുന്നു. പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ് ചിത്രം അടക്കം പുറത്തുവിട്ട ആകാശ് കനോജിയയൊണ് (31)ആദ്യം കസ്റ്റഡിയിലെടുത്തത്. ഇതോടെ ആകാശിന്റെ ജീവിതം മാറി മറിയുകയായിരുന്നു.
ആകാശിനെ കസ്റ്റഡിയിലെടുത്തതോടെ ഉണ്ടായിരുന്ന ജോലിയും പോയി, ഉറപ്പിച്ച വിവാഹവും മുടങ്ങി. മുംബൈയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ആകാശ്, മുംബൈ എൽടിടി– കൊൽക്കത്ത ഷാലിമാർ ജ്ഞാനേശ്വരി എക്സ്പ്രസിൽ യാത്ര ചെയ്യവേയാണ് കഴിഞ്ഞ 18ന് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്.
19നു പുലർച്ചെ യഥാർഥ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുൾ ഇസ്ലാം ഷെഹ്സാദിനെ മുംബൈയ്ക്ക് അടുത്ത് താനെയിൽനിന്നു പിടികൂടി. പിന്നാലെ ആകാശിനെ വിട്ടയച്ചെങ്കിലും പ്രതിയെന്ന മട്ടിൽ എല്ലായിടത്തും വാർത്തയും പടവും പ്രചരിച്ചിരുന്നു.
മുംബൈ പൊലീസിന്റെ ജാഗ്രതക്കുറവ് എന്റെ ജീവിതം തകർത്തുവെന്നാണ് ആകാശ് പറയുന്നത്. കുറ്റവാളിയെന്ന മട്ടിൽ അവർ എന്റെ പടം പുറത്തുവിട്ടു. പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയ്ക്കിടെയാണ് കസ്റ്റഡിയിലാകുന്നത്. അതോടെ, പെൺവീട്ടുകാർ പിന്മാറി. ജോലിക്കു വരേണ്ടതില്ലെന്ന് തൊഴിലുടമയും പറഞ്ഞു. എന്തായാലും യഥാർഥ പ്രതി പിടിയിലായതിനാൽ രക്ഷപ്പെട്ടു. അല്ലാത്തപക്ഷം എല്ലാ കുറ്റവും എന്റെ മേൽ കെട്ടിവച്ചേനേ എന്ന് ആകാശ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്