ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ മറവില്‍ രാജ്യത്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴി നല്‍കുന്ന പരസ്യങ്ങളിലൂടെയാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ ആപ്പുകള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്ററിന്റെ ഭാഗമായ നാഷണല്‍ സൈബര്‍ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റാണ് ഈ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.
സോഷ്യല്‍ മീഡിയയിലെ ഇത്തരം പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കളെ അപരിചിതമായ വെബ്സൈറ്റുകളിലേക്ക് തിരിച്ചുവിട്ട ശേഷമാണ് തട്ടിപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള എ.പി.കെ ഫയലുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. ആദ്യ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അപ്ഡേറ്റ് എന്ന പേരില്‍ രണ്ടാമതൊരു പാക്കേജ് കൂടി ഡൗണ്‍ലോഡ് ചെയ്യിക്കുന്നതാണ് രീതി. ഇതിലൂടെ എസ്.എം.എസ്, ഗാലറി, കോണ്‍ടാക്റ്റുകള്‍ തുടങ്ങിയ സുപ്രധാന പെര്‍മിഷനുകള്‍ തട്ടിയെടുത്ത് ഫോണിന്റെ പൂര്‍ണ്ണ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു.
കൂടാതെ, ചില ആപ്പുകള്‍ ഫോണില്‍ വ്യാജ വി.പി.എന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധ്യതയുണ്ട്. ഇതുവഴി ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് ട്രാഫിക് തട്ടിപ്പുകാര്‍ നിയന്ത്രിക്കുന്ന സെര്‍വറുകളിലേക്ക് തിരിച്ചുവിട്ട് ബാങ്കിംഗ് വിവരങ്ങള്‍ അടക്കമുള്ള ഡാറ്റ ചോര്‍ത്തുകയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നു. നൈറ്റ്‌പ്ലേ, റീലൂപ്, കിസ്, വിമോ, റിവോ, നെക്‌സോ, വിക്‌സ തുടങ്ങിയ പേരുകളിലുള്ള ആപ്പുകളും സമാന സ്വഭാവമുള്ള മറ്റു വ്യാജ ആപ്പുകളുമാണ് തട്ടിപ്പിനായി പ്രധാനമായും ഉപയോഗിക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള ഒരു ആപ്പുകളും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ആകര്‍ഷകമായ പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണം. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലോ cybercrime.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
