ദില്ലി: സിബിഎസ്ഇയുടെ ഓൺ സ്‌ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. എൻഎസ്‌യു സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും.
പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിനായി നടപ്പാക്കിയ ഒഎസ്എം സംവിധാനത്തിൽ ഗുരുതര സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നുവെന്ന ആരോപണമാണ് ഹർജിയിലെ പ്രധാന വിഷയം. പരീക്ഷയ്ക്ക് ഏകദേശം ഒരു മാസം മുമ്പ് ദില്ലിയിലെ വിവിധ സ്കൂളുകളിൽ നടത്തിയ ട്രയൽ റണ്ണിനിടെ തന്നെ നിരവധി പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നുവെന്നാണ് ഹർജിക്കാരുടെ വാദം.
സ്വകാര്യ സ്കൂളുകൾ, ദില്ലി സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികളും പ്രിൻസിപ്പൽമാരും ഉൾപ്പെട്ട സമിതിയാണ് പരീക്ഷണ നടപടികൾ വിലയിരുത്തിയത്. ഉത്തരക്കടലാസുകൾ ഡിജിറ്റൽ രീതിയിൽ പരിശോധിക്കുന്ന സംവിധാനത്തിൽ മാർക്ക് രേഖപ്പെടുത്തൽ ഉൾപ്പെടെ നിരവധി സാങ്കേതിക തടസ്സങ്ങൾ നേരിട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.
മാർക്ക് കൂട്ടിച്ചേർക്കലിൽ പിഴവുകൾ സംഭവിക്കുക, നൽകിയ മാർക്ക് കൃത്യമായി രേഖപ്പെടുത്താതിരിക്കുക, ഒരു ചോദ്യത്തിന്റെ ഒന്നിലധികം ഭാഗങ്ങൾക്ക് പ്രത്യേകം മാർക്ക് നൽകാൻ കഴിയാതിരിക്കുക, സിസ്റ്റം ഹാങ് ആവുക, ചില മാർക്കുകൾ നഷ്ടപ്പെടുക, ബ്ലാങ്ക് പേജുകൾക്ക് പോലും മാർക്ക് നൽകാൻ സാധിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ട്രയൽ റണ്ണിനിടെ കണ്ടെത്തിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിലുള്ള സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കുന്നതുവരെ ഒഎസ്എം സംവിധാനം ഒരു വർഷത്തേക്ക് മാറ്റിവയ്ക്കണമെന്ന ശുപാർശ ബന്ധപ്പെട്ട സമിതി നൽകിയിരുന്നുവെന്നും, ചില മേഖലകളിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന നിർദേശവും മുന്നോട്ടുവെച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ നിർദേശങ്ങൾ സിബിഎസ്ഇ അംഗീകരിച്ചില്ലെന്നാണ് ആരോപണം.
ഇതിനിടെ, മൂല്യനിർണയ സംവിധാനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
