ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടി തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേഡ. സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷനായി കൈപ്പറ്റിയിരുന്ന തുകയായ 60 രൂപയുടെ നാണയമാണ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് പവന്‍ ഖേഡ പറഞ്ഞത്.
ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ പശ്ചാത്തലത്തിലായിരുന്നു പവന്‍ ഖേഡയുടെ പ്രതികരണം.
ഇറക്കേണ്ടത് 60 രൂപയുടെ നാണയം ആകണമായിരുന്നു. സവര്‍ക്കര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് പെന്‍ഷനായി ലഭിച്ചിരുന്ന തുകയാണത്. ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കണമെന്നുണ്ടെങ്കില്‍ ബ്രിട്ടീഷ് പോസ്റ്റിനുവേണ്ടി ഒരു സ്റ്റാമ്പ് പുറത്തിറക്കണമായിരുന്നു. അതിലൂടെയാണ് അവര്‍ ബ്രിട്ടീഷുകാര്‍ക്ക് ദയാ ഹര്‍ജികള്‍ അയച്ചിരുന്നത്. നിങ്ങള്‍ എത്ര സ്റ്റാമ്പുകള്‍ അച്ചടിച്ചാലും എത്ര നാണയങ്ങള്‍ പുറത്തിറക്കിയാലും എത്രമാത്രം ആര്‍എസ്എസിനെ പാഠ്യ പദ്ധതിയില്‍ തിരുകിക്കയറ്റിയാലും ഈ രാജ്യം ഗാന്ധിയുടേതായിരുന്നു. ഗാന്ധിയുടേതാണ്. ഗാന്ധിയുടേതായി തന്നെ നിലനില്‍ക്കുകയും ചെയ്യുമെന്ന് ഖേഡ എക്‌സില്‍ കുറിച്ചു.
ചരിത്രം വളച്ചൊടിക്കാന്‍ ബിജെപി എത്ര ശ്രമിച്ചാലും രാജ്യം എപ്പോഴും മഹാത്മാഗാന്ധിയുടേതായി തന്നെ നിലനില്‍ക്കുമെന്ന യാഥാര്‍ത്ഥ്യം മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്തുപോകുന്ന നിമിഷം ആര്‍എസ്എസ് - ബിജെപി പ്രത്യയശാസ്ത്രത്തെ 'പാലില്‍നിന്ന് ഈച്ചയെ എന്നപോലെ' എടുത്ത് ദൂരെക്കളയുമെന്നും പവന്‍ ഖേഡ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്