ന്യൂഡൽഹി: വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമ മേഖലയിലേക്ക് കടന്നുകൂടിയവരെ ഉദ്ദേശിച്ചാണ് താൻ മുൻപ് 'പാറ്റകൾ' (Cockroaches) എന്ന് പരാമർശിച്ചതെന്നും, രാജ്യത്തെ യുവതലമുറയോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. മേയിൽ ഒരു ഹർജി പരിഗണിക്കുന്നതിനിടെ നടത്തിയ വാക്കാലുള്ള പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
വ്യാജ ലോ ബിരുദധാരികൾ അഭിഭാഷകരായി മാറുന്നതിനെക്കുറിച്ച് മുൻപ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. "പിൻവാതിലിലൂടെയും വ്യാജ ബിരുദങ്ങൾ വഴിയും നിയമമേഖലയിലേക്ക് കടന്നുകൂടിയവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. ഈ മേഖല ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ആ പശ്ചാത്തലത്തിലാണ് അന്നത്തെ പരാമർശം," ചീഫ് ജസ്റ്റിസ് പറഞ്ഞു. യാത്രാവേളകളിൽ നിരവധി യുവാക്കൾ തന്നെ കാണാനെത്താറുണ്ടെന്നും അവരാണ് തന്റെ വലിയ ഊർജ്ജമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിൽ ഏതെങ്കിലും തരത്തിലുള്ള നീതിനിഷേധം നേരിടുന്ന യുവാക്കൾക്ക് സുപ്രീം കോടതിയുടെ വാതിലുകൾ എന്നും തുറന്നുകിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ തത്വങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് അവരുടെ പരാതികൾ പരിഹരിക്കാൻ കോടതി സദാ സന്നദ്ധമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിവാദം ഇങ്ങനെ:
മെയ് 15-ന് നടന്ന ഒരു ഹർജിയുടെ വിചാരണയ്ക്കിടെ തൊഴിൽരഹിതരായ നിയമ ബിരുദധാരികളെ പാറ്റകളോട് ഉപമിച്ചുവെന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. ഇതേത്തുടർന്ന് 'കോക്രോച്ച് ജനതാ പാർട്ടി' (CJP) രൂപീകരിക്കുന്നതടക്കമുള്ള വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും, മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും മറ്റ് അധ്യാപന-നിയമ മേഖലകളിലും വ്യാജ ബിരുദവുമായി കടന്നുകൂടുന്ന 'പരാന്നഭോജികളെ' മാത്രമാണ് വിമർശിച്ചതെന്നും ചീഫ് ജസ്റ്റിസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
